ഉത്സവകാലത്തിന് മുന്നോടിയായി ഒക്ടോബറില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 123 ടണ്‍ സ്വര്‍ണം. കഴിഞ്ഞ 31 മാസത്തിനിടയിലെ ഏറ്റവും വലിയ ഇറക്കുമതിയാണിത്. ദീപാവലി, നവരാത്രി, ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് ആഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിയതാണ് സ്വര്‍ണ ഇറക്കുമതി കൂടാനും വഴിയൊരുക്കിയത്. 2022ലെ ഒക്ടോബറില്‍ 77 ടണ്ണായിരുന്നു ഇറക്കുമതി; 60 ശതമാനമാണ് കഴിഞ്ഞമാസത്തെ വര്‍ധന.കഴിഞ്ഞ ഒരു ദശാബ്ദമെടുത്താല്‍ ഓരോ വര്‍ഷവും ഒക്ടോബറിലെ ശരാശരി സ്വര്‍ണ ഇറക്കുമതി 66 ടണ്ണായിരുന്നു. ഈ ട്രെന്‍ഡ് മറികടന്നുള്ള ഇറക്കുമതി കുതിപ്പാണ് കഴിഞ്ഞമാസം കണ്ടത്. 2022 ഒക്ടോബറിലെ സ്വര്‍ണ ഇറക്കുമതിച്ചെലവ് 370 കോടി ഡോളറായിരുന്നു (ഏകദേശം 31,000 കോടി രൂപ). ഈ വര്‍ഷം ഒക്ടോബറില്‍ സ്വര്‍ണം ഇറക്കുമതിക്കായി ഇന്ത്യ ചെലവിട്ടതാകട്ടെ 723 കോടി ഡോളറാണ് (60,000 കോടി രൂപ), അതായത് ഇരട്ടിയോളം തുക! സ്വര്‍ണാഭരണങ്ങള്‍ക്ക് ഡിമാന്‍ഡേറുന്നതും കച്ചവടം ഉഷാറാകുന്നതും രാജ്യത്തെ ആഭരണ വിപണിക്ക് നേട്ടമാണ്. പക്ഷേ, ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ കൂടാന്‍ വലിയ പങ്ക് സ്വര്‍ണം ഇറക്കുമതി വഹിക്കുന്നു എന്ന ആശങ്കയുണ്ട്.