നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണം അയക്കുന്നതില്‍ വര്‍ധന. സേവന കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്. ഇത് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ സഹായിച്ചതായി ക്രിസില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ പണമയയ്ക്കല്‍ 3,320 കോടി ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 2860 കോടി ഡോളറായിരുന്നു. സേവന കയറ്റുമതി ഈ കാലയളവില്‍ 9,740 കോടി ഡോളറായി വളര്‍ന്നു, കഴിഞ്ഞ വര്‍ഷം ഇത് 8,850 കോടി ഡോളറായിരുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 240 കോടി ഡോളറായി ചുരുങ്ങി, ഇത് ജിഡിപിയുടെ 0.2 ശതമാനമാണ്. 2025 സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തില്‍ സി.എ.ഡി 860 കോടി ഡോളറായിരുന്നു, ജിഡിപിയുടെ 0.9 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. എഫ്ഡിഐ വരവ് 2,390 കോടി ഡോളറില്‍ നിന്ന് 2,720 കോടി ഡോളറായും ഉയര്‍ന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്ക് ലഭിച്ച പണമയയ്ക്കല്‍ റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരുന്നു. 13,546 കോടി ഡോളര്‍!.