കേന്ദ്രസര്‍ക്കാരിന്റെ പ്രത്യക്ഷനികുതി വരുമാനം നടപ്പുവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ 10വരെയുള്ള കാലയളവില്‍ 31 ശതമാനം ഉയര്‍ന്ന് 10.54 ലക്ഷം കോടി രൂപയിലെത്തി. വ്യക്തിഗത ആദായനികുതിയിലെ (സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ നികുതി/എസ്.ടി.ടി ഉള്‍പ്പെടെ) 41 ശതമാനവും കോര്‍പ്പറേറ്റ് നികുതിയിലെ 22 ശതമാനവും സമാഹരണവര്‍ദ്ധനയാണ് നേട്ടമായതെന്ന് നികുതിവകുപ്പ് വ്യക്തമാക്കി. റീഫണ്ടുകള്‍ കിഴിച്ചാല്‍ അറ്റ പ്രത്യക്ഷനികുതി വരുമാനം 8.71 ലക്ഷം കോടി രൂപയാണ്. ഇത് നടപ്പുവര്‍ഷത്തെ ബഡ്ജറ്റ് വിലയിരുത്തലിന്റെ 61.31 ശതമാനമാണ്. 14.20 ലക്ഷം കോടി രൂപയാണ് നടപ്പുവര്‍ഷം ബഡ്ജറ്റില്‍ ലക്ഷ്യമിട്ടിട്ടുള്ള മൊത്തം പ്രത്യക്ഷ നികുതി വരുമാനം. 2021-22ല്‍ നേടിയത് 14.10 ലക്ഷം കോടി രൂപയായിരുന്നു.