പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ശരിവെച്ച ഹൈക്കോടതി ഉത്തരവിൽ, യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നുവെന്ന് സുപ്രീംകോടതിയുടെ പരാമർശം. യുജിസി ചട്ടത്തിലെ 3 (11) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്നാണ് സുപ്രീംകോടതി വാക്കാൽ നീരീക്ഷിച്ചത്. ഇതിന് കൃത്യമായ മറുപടി സമർപ്പിക്കാൻ ഉണ്ടെന്ന് പ്രിയ വർഗീസിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. കേസ് 4 ആഴ്ച കഴിഞ്ഞു സുപ്രീംകോടതി വീണ്ടും പരിഗണിക്കും.യോഗ്യതയുടെയും, മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് തന്റെ നിയമനം എന്നും ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സെലക്ഷൻ കമ്മിറ്റി തീരുമാനം റദ്ദാക്കാനാകില്ലന്ന് വ്യക്തമാക്കി പ്രിയ വർഗീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.പ്രിയ വർഗീസിനെ പിന്തുണച്ച് സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.