ഐക്യത്തോടെ പ്രവർത്തിച്ചാൽ പാർട്ടിക്ക് വിജയിക്കാൻ ആകുമെന്ന് ഓർമ്മപ്പെടുത്തി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഹിമാചൽ പ്രദേശിലെ വിജയം ഐക്യത്തോടെയുള്ള പാർട്ടി പ്രവർത്തനത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സുഖ്വിന്ദർ സിംഗ് സുഖുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഹിമാചലിൽ എത്തിയതായിരുന്നു അദ്ദേഹം. ഹിമാചൽ പ്രദേശിലേത് ജനങ്ങളുടെ വിജയം ആണെന്നും ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി എത്തി.
മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുൻപ് സുഖ്വിന്ദർ സിംഖ് സുഖു, സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിനെ വീട്ടിലെത്തി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഉറപ്പായും പങ്കെടുക്കുമെന്ന് പ്രതിഭാ സിംഗ് അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കേണ്ടത് തന്റെ ചുമതലയാണെന്നും അവർ പറഞ്ഞു. മകൻ വിക്രമാദിത്യ സിംഗ് മന്ത്രി സഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മിക്കവാറും ഉണ്ടാകുമെന്നായിരുന്നു പ്രതിഭാ സിംഗിന്റെ മറുപടി. പാർട്ടിയിൽ വേർതിരിവുകൾ ഇല്ലാതെ ഒറ്റക്കെട്ടായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും പ്രതിഭാ സിംഗ് വ്യക്തമാക്കി.