കേന്ദ്രസര്‍ക്കാരിനും എല്‍.ഐ.സിക്കും മുഖ്യ ഓഹരി പാങ്കാളിത്തമുള്ള സ്വകാര്യബാങ്കായ ഐ.ഡി.ബി.ഐ ബാങ്കിനെ ഇന്ത്യന്‍ വംശജനും കനേഡിയന്‍ ശതകോടീശ്വരനുമായ പ്രേം വത്സ നയിക്കുന്ന ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് സ്വന്തമാക്കിയേക്കും. ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ ഷെയര്‍ സ്വാപ്പിംഗിന് പകരം ഓള്‍-ക്യാഷ് ഇടപാടിന് തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിനെ ആദ്യം എതിര്‍ത്ത ഫെയര്‍ഫാക്‌സ് ഇപ്പോള്‍ സമ്മതം മൂളിയിട്ടുണ്ടെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ കോട്ടക് മഹീന്ദ്ര ബാങ്കും ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരികള്‍ സ്വന്തമാക്കാനായി രംഗത്തുണ്ട്. നിലവില്‍ തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ സി.എസ്.ബി ബാങ്കിന്റെ മുഖ്യ പ്രൊമോട്ടര്‍മാരാണ് പ്രേം വത്സ നയിക്കുന്ന ഫെയര്‍ഫാക്‌സ്. ഐ.ഡി.ബി.ഐ ബാങ്കിനെയും ഫെയര്‍ഫാക്‌സ് സ്വന്തമാക്കിയാല്‍ സി.എസ്.ബി ബാങ്കുമായുള്ള ലയനം ഉറപ്പാണ്. 90,400 കോടി രൂപയുടെ വിപണിമൂല്യമുള്ള ബാങ്കാണ് ഐ.ഡി.ബി.ഐ ബാങ്ക്. 5,980 കോടി രൂപയാണ് സി.എസ്.ബി ബാങ്കിന്റെ വിപണിമൂല്യം. 49.27 ശതമാനമാണ് സി.എസ്.ബി ബാങ്കില്‍ ഫെയര്‍ഫാക്‌സിന്റെ ഓഹരി പങ്കാളിത്തം. ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരി വില്‍പനനിലവില്‍ കേന്ദ്രവും എല്‍.ഐ.സിയുമാണ് ഐ.ഡി.ബി.ഐ ബാങ്കിന്റെ മുഖ്യ ഓഹരി ഉടമകള്‍. എല്‍.ഐ.സിക്ക് 49.24 ശതമാനവും കേന്ദ്രസര്‍ക്കാരിന് 45.48 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്. ഇതില്‍ 60.72 ശതമാനം ഓഹരികള്‍ വിറ്റൊഴിയാനാണ് നീക്കം.