അമ്മയുടെ മരണത്തിനു കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ മകളുടെ നിരാഹാര സമരം. ആലുവ സ്വദേശി സുചിത്രയാണ് സമരം ചെയ്യുന്നത്. ഇവരുടെ അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിനു പിന്നാലെയാണ് ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം നടക്കുന്നത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു അമ്മയുടെ മരണമെന്നും ചികിത്പിസാ പിഴവാണ് മരണ കാരണമെന്നും ആരോപണമുയർന്നിരുന്നു. ബന്ധുക്കൾ പരാതിയും നൽകി. മകൾ സുചിത്ര നിരവധി തവണ അന്വേഷണം ആവശ്യപ്പെട്ട പലരെയും കണ്ടിരുന്നു. ഡോക്ടർ ആൾമാറാട്ടം നടത്തി തന്റെ അമ്മയെ ഇല്ലാതാക്കിയെന്ന് സുചിത്ര ആരോപിക്കുന്നു. സംഭവത്തിൽ 2022 ജൂലൈ മാസത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലന്നും സുചിത്ര പറഞ്ഞു.