ആഭ്യന്തര വ്യോമയാന മേഖലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. കോവിഡ് കാലയളവില്‍ നേരിയ തോതില്‍ നിറം മങ്ങിയെങ്കിലും, ചുരുങ്ങിയ കാലയളവിനുള്ളില്‍ കോവിഡിന് മുന്‍പത്തെ നിലയിലേക്ക് എത്തിച്ചേരാന്‍ ആഭ്യന്തര വ്യോമയാന മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 11.90 കോടി യാത്രക്കാരാണ് ആഭ്യന്തര വിമാന യാത്ര നടത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 38.27 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ മാത്രം 1.48 കോടി യാത്രക്കാര്‍ ആഭ്യന്തര യാത്ര നടത്തിയിട്ടുണ്ട്. ഇതോടെ, ഓഗസ്റ്റിലെ പ്രതിമാസ വളര്‍ച്ചാ നിരക്ക് 23.13 ശതമാനമായാണ് ഉയര്‍ന്നത്. അതേസമയം, ഓഗസ്റ്റില്‍ ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര എയര്‍ലൈനുകളുടെ മൊത്തത്തിലുള്ള റദ്ദാക്കല്‍ നിരക്ക് വെറും 0.65 ശതമാനമായിരുന്നു. ആഭ്യന്തര യാത്രക്കാരുടെ ഈ ഗണ്യമായ വളര്‍ച്ച കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളില്‍ നിന്നുള്ള പ്രതിരോധത്തെയും വീണ്ടെടുപ്പിനെയുമാണ് സൂചിപ്പിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.