മോഹന്‍ലാല്‍ നായകനായി വന്ന പുതിയ ചിത്രമാണ് ‘ഹൃദയപൂര്‍വം’. സത്യന്‍ അന്തിക്കാടാണ് സംവിധാനം നിര്‍വഹിച്ചത്. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 72 കോടി കളക്ഷന്‍ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം 28.8 കോടി ഹൃദയപൂര്‍വം ആകെ നേടി. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഹൃദയപൂര്‍വം ജിയോ ഹോട്സ്റ്റാറിലൂടെ സെപ്തംബര്‍ 26 മുതല്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലാലു അലക്‌സ്, സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവില്‍ എത്തിയത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. നവാഗതനായ ടി പി സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായിയായിട്ടുള്ളത്.