പുതുവര്‍ഷത്തില്‍ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2023 ജനുവരി മുതല്‍ ഹോണ്ടയുടെ വാഹനങ്ങള്‍ക്ക് 30,000 രൂപ വരെയാണ് വില വര്‍ദ്ധിപ്പിക്കുക. അതേസമയം, വിവിധ മോഡലുകള്‍ക്കനുസരിച്ച് വിലയില്‍ മാറ്റം ഉണ്ടായേക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ നവീകരണങ്ങള്‍ നടത്തുന്നതിനും കൂടി വേണ്ടിയാണ് വില വര്‍ദ്ധനവ് ഏര്‍പ്പെടുത്തുന്നത്. വായു മലിനീകരണം ലക്ഷ്യമിട്ടുള്ള ഭാരത് സ്റ്റേജ് 6 മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം 2023 ഏപ്രില്‍ പ്രാബല്യത്തിലാകും. ഈ സാഹചര്യത്തിലാണ് സാങ്കേതികവിദ്യ നവീകരണം നടത്തുന്നത്. ഹോണ്ടയ്ക്ക് പുറമേ, ഹ്യുണ്ടായി, ടാറ്റാ മോട്ടോഴ്‌സ്, മെഴ്‌സിഡസ് ബെന്‍സ്, കിയ, ഓഡി, റെനോ, എംജി മോട്ടോര്‍ എന്നീ കമ്പനികളും പുതുവര്‍ഷത്തില്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, രാജ്യത്തെ ഏറ്റവും അധികം കാറുകള്‍ വിറ്റഴിക്കുന്ന മാരുതിയും വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ്.