ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയും ഇലക്ട്രോണിക് ഉത്പന്നങ്ങളില്‍ അതികായരായ സോണി കൈ കൊടുത്തതോടെ ഉത്ഭവിക്കുന്നത് പുതിയൊരു ഇവി ബ്രാന്‍ഡ്. അഫീല എന്നു പേരിട്ട കമ്പനിയുടെ ആദ്യ ഉത്പന്നം നേരത്തെ സോണി പ്രഖ്യാപിച്ച സോണി വിഷന്‍ എസ് കാറായിരിക്കും. ടെസ്ലയെ പോലെ പല ഫീച്ചറുകളും അധികം പണം നല്കി ലഭ്യമാവുന്ന രീതിയിലാണ് സോണിയും ഹോണ്ടയും ചേര്‍ന്ന് നിര്‍മിക്കുന്ന കാറിലുണ്ടാവുക. 2025 ആദ്യ പാതിയില്‍ തന്നെ വിഷന്‍ എസ് കാറിന്റെ ബുക്കിങ് ആരംഭിക്കുമെന്നും 2026ല്‍ വടക്കേ അമേരിക്കയില്‍ വില്പന ആരംഭിക്കുമെന്നുമാണ് ഇപ്പോള്‍ കമ്പനി അധികൃതര്‍ അറിയിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ ഓടാനാവുന്ന 100കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാവും അഫീലയുടെ ഇലക്ട്രിക് കാറിനുണ്ടാവുക. 2026ല്‍ ആദ്യം അമേരിക്കയില്‍ ഇറക്കിയ ശേഷമായിരിക്കും യൂറോപ്യന്‍ വിപണിയിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അഫീല കാറുകള്‍ എത്തുക. ഏകദേശം ഒരു ലക്ഷം ഡോളര്‍(82 ലക്ഷം രൂപ) ആയിരിക്കും അഫീലയുടെ വിഷന്‍ എസിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.