ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം അവതരിപ്പിച്ച് ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസ്. വ്യത്യസ്ഥവും നൂതനവുമായ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ഈ അത്യാധുനിക എടിഎം മെഷീനിന് ‘ഹിറ്റാച്ചി മണി സ്‌പോട്ട് യുപിഐ എടിഎം’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പുതിയ നീക്കം. കാര്‍ഡ്ലെസ് സംവിധാനമാണ് യുപിഐ എടിഎം. ഉപഭോക്താക്കള്‍ക്ക് യുപിഐ എടിഎമ്മില്‍ പണം പിന്‍വലിക്കാന്‍ എടിഎം കാര്‍ഡിന്റെ ആവശ്യമില്ല. എടിഎമ്മിന്റെ സ്‌ക്രീനില്‍ തെളിയുന്ന ക്യുആര്‍ കോഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് പിന്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ പണം പിന്‍വലിക്കാന്‍ കഴിയും. ബാങ്കുകളുടെ പിന്തുണയില്ലാതെ പ്രവര്‍ത്തിക്കുന്ന വൈറ്റ് ലേബല്‍ എടിഎം എന്ന സവിശേഷതയും ഇവയ്ക്കുണ്ട്. പരമ്പരാഗത ബാങ്കിംഗ് സേവനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുക എന്നതാണ് ഈ പുതിയ നീക്കത്തിലൂടെ ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസ് ലക്ഷ്യമിടുന്നത്. പ്രമുഖ ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചി ലിമിറ്റഡിന്റെ സഹോദര സ്ഥാപനമാണ് ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസ്.