നെഞ്ചെരിച്ചിലും വയറുവേദനയുമൊക്കെ വരുമ്പോള്‍ നിസാരമാണെന്ന് കരുതി തള്ളിക്കളയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന്റെ സൂചനയാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഗ്യാസിന്റേതായി തെറ്റിദ്ധരിച്ച് പലരും അന്റാസിഡ് കഴിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ലക്ഷണങ്ങളെ കുറച്ചുസമയത്തേക്ക് ശമിപ്പിക്കുമെങ്കിലും യഥാര്‍ത്ഥ കാരണത്തെ ചികിത്സിക്കില്ല. ചെറിയൊരു ആശ്വാസം തോന്നുന്നതുകൊണ്ടുതന്നെ പലരും ആശുപത്രിയില്‍ പോകുന്നത് വൈകിപ്പിക്കുകയും ചെയ്യും. പക്ഷെ ഹൃദയാഘാതത്തിന്റെ കാര്യത്തില്‍ സമയം വളരെയധികം വിലപ്പെട്ടതാണ്. സമയം നീളുന്തോറും കൂടുതല്‍ ഹൃദയ പേശികള്‍ സമ്മര്‍ദ്ദത്തിലാകും. ഗ്യാസ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഹൃദയാഘാത ലക്ഷണങ്ങളും തമ്മില്‍ മനസ്സിലാകാതെ പോകുന്നത് അസാധാരണമല്ല. ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചെരിച്ചില്‍, നെഞ്ചുവേദന, വയറുവേദന, മനംമറിച്ചില്‍ എന്നിവ അനുഭവപ്പെടാറുണ്ട്. പക്ഷെ, പലപ്പോഴും ഇത് ഗ്യാസ് മൂലമുണ്ടാകുന്ന അസ്വസ്ഥതകളാണെന്നാണ് പലരും വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങള്‍ തോന്നിയാലും ആശുപത്രിയില്‍ പോകാതെ പലരും സ്വയം ചികിത്സയാണ് ചെയ്യുക. ഹൃദയാഘാതം മൂലമാണെങ്കില്‍ നെഞ്ചുവേദന സമ്മര്‍ദ്ദം പോലെയാണ് അനുഭവപ്പെടുക. കുറച്ചു മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്ന ഞെരുക്കം നെഞ്ചില്‍ അനുഭവപ്പെടാം. ഹൃദയാഘാതത്തിന്റെ വേദന പിന്നീട് തോളിലേക്കും മുതുകിലേക്കും കഴുത്ത്, പല്ല്, താടിയെല്ല് എന്നിവയിലേക്കും വ്യാപിക്കും. ഇതിനുപുറമേ ഹൃദയാഘാതത്തിന്റെ പതിവ് ലക്ഷണങ്ങളായ ശ്വാസതടസ്സം, പാനിക്ക് അറ്റാക്ക്, തലകറക്കം എന്നുവയും അനുഭവപ്പെട്ടേക്കാം. ഹൃദയാഘാതം മൂലമുള്ള വേദനയാണെങ്കില്‍ അത് ഭക്ഷണവുമായി ബന്ധപ്പെട്ടതായിരിക്കില്ല, ചിലപ്പോള്‍ ഇടത്തുനിന്ന് വലത്തോട്ടോ അല്ലെങ്കില്‍ താടിയെല്ലുകളിലേക്കോ വികരണം ചെയ്തേക്കാം. ധാരാളം വിയര്‍ക്കുകയും എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ ബുദ്ധിമുട്ട് വര്‍ദ്ധിക്കുകയും ചെയ്യും. അതേസമയം വിശ്രമിച്ചാല്‍ കുറവുണ്ടാകും. ഹൃദയാഘാതമാണോ എന്ന് സംശയമുണ്ടെങ്കില്‍ ഡോക്ടറെ സമീപിച്ച് ഇസിജിയോ എക്കോകാര്‍ഡിയോഗ്രാം പോലുള്ള പരിശോധനകളോ ചെയ്യുന്നതാണ് സുരക്ഷിതം.