മാനസിക വെല്ലുവിളി നേരിടുന്നവർക്ക് കൂടുതൽ പരിഗണന നൽകണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അവരെ പരിഗണിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം കൂടിയാണ്. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്ക് സർക്കാർ ഒരുക്കിയ സ്നേഹവിരുന്നിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മാനസിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങൾക്കായി ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചികിത്സ പൂർത്തിയായാലും വീട്ടുകാർ ഏറ്റെടുക്കാൻ സന്നദ്ധരാവാത്ത വ്യക്തികളുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ബിഹേവിയറൽ ഐസിയു പോലുള്ള ശാസ്ത്രീയമായ സംവിധാനങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.