ഹര്‍ത്താലനോടനുബന്ധിച്ച് സംസ്ഥാനത്തു വ്യാപകമായ ആക്രമണങ്ങള്‍ നടന്നെങ്കിലും എല്ലാം നിയന്ത്രണ വിധേയമാണെന്ന് പോലീസ് മേധാവി അനില്‍കാന്ത്. ഏതാനും പേരെ കരുതലായി കസറ്റഡിയിലെടുത്തിരുന്നു. അക്രമങ്ങള്‍ നടത്തിയവരെയും പിടികൂടി. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ പേരെ പിടികൂടുമെന്നും ഡിജിപി അനില്‍കാന്ത്.
കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും അശോക് ഗെലോട്ട്. ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ഗെലോട്ടിനെതിരേ ശശി തരൂര്‍ മല്‍സരിക്കുമെന്നാണു സൂചനകള്‍. മല്‍സരിക്കാന്‍ താനും യോഗ്യനാണെന്ന് ദ്വിഗ് വിജയ് സിംഗും പ്രതികരിച്ചിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ പരക്കേ അക്രമം. കണ്ണൂരിര്‍ രണ്ടിടത്ത് ബോംബേറ്. ഈരാട്ടുപേട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും അക്രമങ്ങള്‍. 51 കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. കണ്ണൂര്‍ മട്ടന്നൂര്‍ ഇല്ലന്‍മൂലയിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു. പെട്രോള്‍ ബോംബേറില്‍ കെട്ടിടത്തിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കണ്ണൂരിലെ ഉളിയില്‍ വാഹനത്തിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. ഈരാറ്റുപേട്ടയില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചവര്‍ക്കുനേരെ ലാത്തിച്ചാര്‍ജ്. അഞ്ച് പിഎഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ടയില്‍ നൂറോളം പേരെ കരുതല്‍ തടങ്കലിലാക്കി. കൊല്ലത്ത് പള്ളിമുക്കില്‍ ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. കോഴിക്കോട്ട് ലോറിക്കു കല്ലെറിഞ്ഞ് ഡ്രൈവര്‍ വര്‍ക്കല സ്വദേശി ജിനു ഹബീബുള്ളയ്ക്ക് കണ്ണിലും മൂക്കിലും പരിക്കേറ്റു. പാപ്പിനിശ്ശേരിയില്‍ ബോംബുമായി മാങ്കടവ് സ്വദേശി അനസ് പിടിയിലായി. കോയമ്പത്തൂരിലെ ചിറ്റബുദൂരിലെ ബിജെപി ഓഫീസിന് നേരെ ഇന്നലെ രാത്രി പെട്രോള്‍ ബോംബേറിഞ്ഞു. ആക്രമണങ്ങളില്‍ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നു കെഎസ്ആര്‍ടിസി.
താലിബാന്‍ മാതൃകയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും എന്‍ഐഎ. ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം. റെയ്ഡില്‍ വയര്‍ലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തിട്ടുണ്ട്. താലിബാന്‍ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്നതിനു തെളിവുകള്‍ പിടിച്ചെടുത്തു. ചിലര്‍ ഭീകരസംഘടനകളുമായി സമ്പര്‍ക്കത്തിലായിരുന്നു. തെലങ്കാനയില്‍നിന്ന് പരിശീലന കേന്ദ്രങ്ങളുടെ വിവരം ലഭിച്ചെന്നും എന്‍ഐഎ.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കും. അക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി വേണം. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരേ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്നും കോടതി.
വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ച പരാജയം. വീടും സ്ഥലവും നഷ്ടപെട്ടവയ്ക്ക് തുല്യമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന പാക്കേജ് വേണമെന്നതടക്കമുള്ള ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പ് കിട്ടിയില്ലെന്ന് സമരസമിതി. തുഖമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്നും തിങ്കളാഴ്ച നിലപാട് അറിയിക്കാമെന്നും ലത്തീന്‍ സഭ അറിയിച്ചെന്നാണ് സര്‍ക്കാരിന്റെ പ്രതികരണം. വിഴിഞ്ഞം സമരം തീര്‍ക്കാന്‍ ആറാം തവണയാണ് മന്ത്രിമാരും സമരസമിതിയും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.
പയ്യന്നൂരില്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. രാമന്തളി, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് എത്തിയവരെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
മാധ്യമങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങളോടു മൗനം പാലിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മാഭിമാനം ഇല്ലേയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോടു പ്രതികരണം ആരാഞ്ഞപ്പോഴാണ് ആത്മാഭിമാനം ഇല്ലാത്തവര്‍ക്കു മറുപടിയില്ലെന്നു പറഞ്ഞത്. കാത്തുനില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരെ കാണുകയെന്ന സാമാന്യ മര്യാദയാണ് താന്‍ ചെയ്തത്. പക്ഷേ, ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്കു പങ്കില്ലെന്നാണ് കരുതുന്നതെങ്കില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 81.16 എന്ന നിലയിലേക്ക് എത്തി. നാട്ടിലേക്കു പണം അയയ്ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്ന തിരക്കിലാണ് പ്രവാസികള്‍.
കുറ്റം ചെയ്തിട്ടില്ലെന്നും കഞ്ചാവു കേസില്‍ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും എകെജി സെന്റര്‍ പടക്കമേറു കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ജിതിന്‍. കൂടെയുള്ളവരെ കേസില്‍ കുടുക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിന്‍ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി തിരിച്ചു കൊണ്ടുപോകുമ്പോഴാണ് ജിതിന്‍ പ്രതികരിച്ചത്.
പ്രവാസി വ്യവസായി ഹാരിസും ജീവനക്കാരി ഡെന്‍സിയും അബുദാബിയില്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐക്കു വിട്ടു. 2020 മാര്‍ച്ച് അഞ്ചിനാണ് ഇരുവരും കൊല്ലപ്പെട്ടത്. പാരമ്പര്യ വൈദ്യന്‍ ഷാബാഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷറഫാണു പ്രതിയെന്നാണു പോലീസിന്റെ റിപ്പോര്‍ട്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ജീവനക്കാരെ കേസിലെ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ജില്ലാ കോടതിയും തളളി. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ അരുണ്‍, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശിന്‍, രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
മാവോയിസ്റ്റ് രൂപേഷിനെതിരായ കേസുകളില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്ന ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി കൊല്ലം ശൂരനാട് അഭിരാമി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയെടുക്കേണ്ടത് കേരള ബാങ്കാണെന്ന് മന്ത്രി വി എന്‍ വാസവന്‍. സര്‍ഫാസി ആക്ട് നടപ്പാക്കിയതില്‍ വീഴ്ചയുണ്ടായോയെന്നു പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.