ജിഎസ്ടി നിയമപ്രകാരമുള്ള മൂന്നു നിയമലംഘനങ്ങളെ ക്രിമിനല്‍ പരിധിയില്‍നിന്ന് ഒഴിവാക്കും. ജിഎസ്ടിയുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കുന്നതടക്കം, ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാന്‍ ശുപാര്‍ശ ചെയ്ത് ന്യൂഡല്‍ഹിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം.
രണ്ടു കോടി രൂപവരെയുള്ള നികുതി തുകയ്ക്കു ക്രിമിനല്‍ പ്രോസിക്യൂഷന്‍ ഉണ്ടാകില്ല. നേരത്തെ ഒരു കോടി രൂപവരെ നികുതിയുള്ളവരെയാണ് പ്രോസിക്യൂഷനില്‍നിന്ന് ഒഴിവാക്കിയിരുന്നത്. ജി എസ് ടി ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തുക, കൃത്രിമ രേഖകള്‍ സമര്‍പ്പിക്കുക, മതിയായ രേഖകള്‍ സമര്‍പ്പിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളും ക്രിമിനല്‍ പരിധിയില്‍ നിന്നൊഴിവാക്കി. 50 മുതല്‍ 150 വരെ ശതമാനമായിരുന്ന കോമ്പൗണ്ടിംഗ് പരിധി 25 മുതല്‍ 100 വരെ ശതമാനമാക്കി കുറയ്ക്കാനും തീരുമാനിച്ചു. 15 അജണ്ടകളാണ് യോഗത്തിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നതെന്നും അതില്‍ എട്ടെണ്ണത്തില്‍ തീരുമാനമായെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.