യാത്ര എല്ലാവര്ക്കും ഉല്ലാസകരമാണ്. വിസമയകാഴ്ചകള് കണ്ട് ഉലകം ചുറ്റാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. പ്രായമാകുന്തോറും യാത്രയോടു പ്രിയം കൂടുമെങ്കിലും ആരോഗ്യം തടസമാകുകയാണു പതിവ്. നടക്കാന്‍ പ്രയാസം, നടന്നാല്‍ കിതപ്പ്, കാല്‍മുട്ടു വേദന, നടുവേദന, കൊടും തണുപ്പും മഞ്ഞും അടക്കമുള്ള കഠിന കാലാവസ്ഥയെ നേരിടാനുള്ള ശേഷിക്കുറവ് എന്നിങ്ങനെ അനവധി ആരോഗ്യ പ്രശ്നങ്ങള്‍. പ്രായത്തെ വെല്ലുവിളിച്ചുകൊണ്ട് ലോകം ചുറ്റിക്കറങ്ങാന്‍ ഇറങ്ങിത്തിരിച്ച രണ്ടു കൂട്ടുകാരികളെ നമുക്കു കാണാം. 81 വയസുള്ള ഇവര്‍ 80 ദിവസത്തെ യാത്രയ്ക്കാണ് ഇറങ്ങിയിരിക്കുന്നത്. ടെക്സാസിലെ ഫിസിഷ്യനും ലക്ചററുമായ സാന്‍ഡി ഹാസേലിപ്, ഡോക്യുമെന്ററി ഫോട്ടോഗ്രാഫറായ എല്ലി ഹാംപി എന്നീ കൂട്ടുകാരികളാണ് ഇങ്ങനെ ഉലകം ചുറ്റുന്നത്. യാത്രയുടെ വിശേഷങ്ങളും ഫോട്ടോകളും ‘എറൗണ്ട് ദ വേള്‍ഡ് അറ്റ് 80’ എന്ന ബ്ലോഗിലൂടെ ലോകത്തെ അറിയിക്കുന്നുമുണ്ട്. സാന്‍ഡിയുടെയും എല്ലിയുടെയും ആദ്യഡെസ്റ്റിനേഷന് എങ്ങോട്ടായിരുന്നെന്നു കേട്ടാല്‍ ഞെട്ടും. മഞ്ഞുമൂടിക്കിടക്കുന്ന കൊടും തണുപ്പുള്ള അന്റാര്‍ട്ടിക്ക. അര്‍ജന്റീന, ഈസ്റ്റര്‍ ഐലന്റ്, ലണ്ടന്‍, സാംബിയ, ഈജിപ്ത്, നേപ്പാള്‍, ഇന്ത്യ തുടങ്ങി അനേകം സ്ഥലങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു. ജോലി ചെയ്തിരുന്ന കാലത്ത് ജോലിയില്‍ മുഴുകിയും കുടുംബത്തെ വളര്ത്തിയുമാണു കഴിച്ചുകൂട്ടിയത്. ഉല്ലാസയാത്രയ്ക്കു വേണ്ടത്ര സാവകാശം ലഭിച്ചിരുന്നില്ലെന്ന് എല്ലാവരേയുംപോലെ ഇവരും പറയുന്നു. യാത്രയുടെ ത്രില്ലിലാണ് ഇവര്‍ ഇരുവരും.
വേള്‍ഡ് ടൂറുമായി മുതുമുത്തശിമാര്
