സ്മാര്‍ട്ട്‌ഫോണുകളിലെ ജി.പി.എസ് ചിപ്പുകള്‍ക്ക് ലൊക്കേഷനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കുമെന്ന് പഠനം. ഐ.ഐ.ടി ഡല്‍ഹിയിലെ എം.ടെക് വിദ്യാര്‍ഥിയായ സോഹം നാഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് വകുപ്പിലെ പ്രൊഫസര്‍ സ്മൃതി ആര്‍. സാരംഗി എന്നിവര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തി ഇരിക്കുകയാണോ, നില്‍ക്കുകയാണോ, കിടക്കുകയാണോ, വിമാനത്തിലാണോ, പാര്‍ക്കിലാണോ, തിരക്കേറിയ സ്ഥലത്താണോ എന്നെല്ലാം ജി.പി.എസ് മുഖേന ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ക്ക് വിലയിരുത്താന്‍ കഴിയും. ആന്‍ഡ്രോകോണ്‍ എന്ന ഒരു സംവിധാനത്തിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്. കൃത്യമായ ലൊക്കേഷന്‍ അനുമതികളുള്ള ഏതൊരു ആപ്പിനും ഉപയോക്തൃ സമ്മതമില്ലാതെ സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ കഴിയുമെന്നാണ് പഠനം തെളിയിക്കുന്നത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വിശ്വസനീയമായ ആപ്പുകള്‍ക്ക് മാത്രമേ ലൊക്കേഷന്‍ അനുമതികള്‍ നല്‍കാവൂ എന്നതിന്റെ പ്രാധാന്യമാണ് പഠനം കാണിക്കുന്നത് എന്നും ഡല്‍ഹി ഐ.ഐ.ടിയിലെ ഗവേഷകര്‍ പറയുന്നു.
