ഇന്ത്യയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ കോംപ്ലിമെന്ററി എ.ഐ പ്രോ പ്ലാന്‍ നല്കാന് ഗൂഗ്ള്‍. ഏറ്റവും പുതിയ എ.ഐ ടൂളുകള്‍ അടക്കമുള്ള നിരവധി ഫീച്ചറുകള്‍ അടങ്ങിയ എ.ഐ പ്രോ സബ്സ്ക്രിപ്ഷന് പ്രതിമാസം 19,500 രൂപയാണ് ഗൂഗ്ള്‍ ഈടാക്കുന്നത്. ഇക്കൊല്ലം സെപ്റ്റംബര്‍ 15 വരെയാണ് ഓഫര്‍. ഗൂഗ്ളിന്റെ എ.ഐ ഫീച്ചറുകളില്‍ ചിലത് ഫ്രീയായി ലഭിക്കുമെങ്കിലും മിക്കവയും പണം കൊടുത്ത് ഉപയോഗിക്കണം. ഈ പ്ലാന്‍ ഉള്ളവര്‍ക്ക് ജെമിനി 2.5, വിയോ3 ഫ്ളോ, വിസ്ക്, കൂടുതല്‍ ശേഷിയുള്ള നോട്ട്ബുക്ക്എല്.എം, രണ്ട് ടെറാബൈറ്റ് ക്ലൗഡ് സ്റ്റോറേജ്, പ്രതിമാസം 1,000 എ.ഐ ക്രെഡിറ്റുകള്‍ എന്നിവ ലഭിക്കും. ജിമെയില്‍, ഡോക്സ്, വീഡിയോസ് എന്നിവയില്‍ ജെമിനിയുടെ സേവനം ഉപയോഗിക്കാന്‍ കഴിയുമെന്നതും പ്രത്യേകതയാണ്. ഇന്ത്യയില്‍ താമസിക്കുന്ന 18 തികഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പ്ലാനില്‍ ചേരാന്‍ അവസരം. പേഴ്സണല്‍ ഗൂഗ്ള്‍ അക്കൗണ്ട് നിര്‍ബന്ധമാണ്. ഐഡന്റിറ്റി വെരിഫിക്കേഷന് കമ്പനിയായ ഷിയര്ഐഡി വഴിയാണ് അപേക്ഷകരുടെ ആധികാരികത ഉറപ്പിക്കുന്നത്. വെരിഫിക്കേഷന് കഴിഞ്ഞാല്‍ യു.പി.ഐ, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നീ പേയ്മെന്റ് ഓപ്ഷനും തിരഞ്ഞെടുക്കണം. നിലവില്‍ ഗൂഗ്ള്‍ വണ്‍ അക്കൗണ്ടുള്ളവര്‍ക്ക് ഓഫര്‍ ഇല്ല. മറ്റുള്ളവര്‍ക്ക് ഒരു മാസത്തെ ട്രയല്‍ പ്ലാനും ഗൂഗ്ള്‍ അവതരിപ്പിച്ചിട്ടുണ്ട്.
കോംപ്ലിമെന്ററി എ.ഐ പ്രോ പ്ലാന്‍ നല്കാന് ഗൂഗ്ള്‍
