ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പോരിന്റെ വേഗത കൂട്ടി ഗൂഗിളും. ഇത്തവണ ചാറ്റ്ജിപിടിയെ വെല്ലുന്ന തരത്തില്‍ പുതിയൊരു ചാറ്റ്ബോട്ടുമായാണ് ഗൂഗിളിന്റെ വരവ്. ജെമിനി എന്ന എഐ മോഡലാണ് ഗൂഗിള്‍ ടെക് ലോകത്തിനായി പരിചയപ്പെടുത്തിയിരിക്കുന്നത്. ഏകദേശം ഏഴ് വര്‍ഷത്തിലധികം നീണ്ട ശ്രമഫലത്തിനൊടുവിലാണ് ഗൂഗിള്‍ ജെമിനിക്ക് രൂപം നല്‍കിയത്. ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുമെന്നതാണ് ജെമിനിയുടെ പ്രധാന ആകര്‍ഷണീയത. ടെക്സ്റ്റ്, ചിത്രങ്ങള്‍, ശബ്ദം എന്നിവയിലൂടെയെല്ലാം ഉപഭോക്താക്കള്‍ക്ക് ജെമനിയുമായി സംവദിക്കാന്‍ സാധിക്കും. അള്‍ട്രാ, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് മോഡലുകളിലാണ് ജെമിനി ലഭ്യമാകുക. പേര് സൂചിപ്പിക്കുന്നത് പോലെ കഴിവുകള്‍ കൂടിയ അള്‍ട്രായില്‍ ഏറ്റവും വലിയ ലാര്‍ജ് ലാംഗ്വേജ് മോഡലാണ് എഐ ജോലികള്‍ ചെയ്യുന്നതിനായി ഉപയോഗിക്കുക. പ്രോയില്‍ ഇടത്തരം വലുപ്പമുള്ള ലാംഗ്വേജ് മോഡലും, നാനോയില്‍ ഏറ്റവും ചെറിയ ലാംഗ്വേജ് മോഡലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ നാനോ മോഡല്‍ കമ്പ്യൂട്ടറുകളിലും, ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാനാകും. അധികം വൈകാതെ തന്നെ ഗൂഗിളിന്റെ ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും ജെമിനി ഉള്‍പ്പെടുത്തുന്നതാണ്.
‘ജെമിനി’ യെ പരിചയപ്പെടുത്തി ഗൂഗിള്‍
