ഇറാനെതിരെ ഇസ്രായേല്‍ തിരിച്ചടി തുടങ്ങിയതോടെ രാജ്യാന്തര സ്വര്‍ണവില ഇന്ന് കുതിച്ചുയര്‍ന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ വില പുതിയ റെക്കോഡിലേക്ക് കത്തിക്കയറി. രാജ്യാന്തരവില കൂടുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതും ഓഹരി വിപണികളുടെ വീഴ്ചയുമാണ് സ്വര്‍ണവിലക്കുതിപ്പിന് വളമായത്. കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് ഇന്ന് 50 രൂപ വര്‍ധിച്ച് 6,815 രൂപയായി. ചരിത്രത്തിലാദ്യമായാണ് ഗ്രാം വില 6,800 രൂപ ഭേദിക്കുന്നത്. പവന്‍വില 400 രൂപ കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോഡായ 54,520 രൂപയിലുമെത്തി. ഈ മാസം 16ന് കുറിച്ച ഗ്രാമിന് 6,795 രൂപയും പവന് 54,360 രൂപയും ഇന്ന് പഴങ്കഥയായി. ഈ മാസം ഇതുവരെ മാത്രം കേരളത്തില്‍ പവന് കൂടിയത് 3,840 രൂപയാണ്. ഗ്രാമിന് 480 രൂപയും ഉയര്‍ന്നു. 18 കാരറ്റും വെള്ളിയും18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് പുതിയ ഉയരമായ 5,710 രൂപയിലെത്തി. അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെള്ളിവിലയില്‍ മാറ്റമില്ല. ഇന്നും ഗ്രാമിന് 90 രൂപയിലാണ് വ്യാപാരം. ഇന്ന് മിനിമം 59,000 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.