സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 46,000 കടന്നു. പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 46,000 കടന്നത്. 46,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കൂടിയത്. 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. കഴിഞ്ഞവാരം ഔണ്‍സിന് 1,990 ഡോളര്‍ വരെ താഴ്ന്ന രാജ്യാന്തര വില ഇപ്പോള്‍ 2,031 ഡോളറിലേക്ക് ഉയര്‍ന്നു. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ ധനനയ നിര്‍ണയ യോഗത്തിന്റെ മിനുട്ട്സ് വൈകാതെ പുറത്തുവരും. അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് പരാമര്‍ശങ്ങളുണ്ടാകുമോ എന്ന ആശങ്കയാണ് സ്വര്‍ണവിലയെ മുന്നോട്ട് നയിക്കുന്നത്. അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ വൈകുമെന്നാണെങ്കില്‍ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ 10-വര്‍ഷ കടപ്പത്രങ്ങളുടെ യീല്‍ഡും മുന്നേറും. യീല്‍ഡ് ഇപ്പോഴേ 4 ശതമാനമെന്ന ശക്തമായ നിരക്കിന് മുകളിലാണുള്ളത്. അതേസമയം, പലിശനിരക്ക് വൈകാതെ കുറയ്ക്കുമെന്നാണെങ്കില്‍ യീല്‍ഡും ഡോളറും മങ്ങും. ഇത്, സ്വര്‍ണ നിക്ഷേപങ്ങളുടെ ഡിമാന്‍ഡ് കൂട്ടും. വൈകാതെ വിലയും കൂടും.