ഇന്ത്യക്കാര്‍ വന്ദേഭാരത് ട്രെയിനിനെക്കുറിച്ചു പറയുമ്പോള്‍ ലോകം ”ഗോസ്റ്റ് ട്രെയിനി’ന്റെ വിശേഷങ്ങളുടെ വിസ്മയക്കാഴ്ചകളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക ട്രെയിനാണ് 22 കംമ്പാര്ട്ട്മെന്റുകളുള്ള ”ഗോസ്റ്റ് ട്രെയിന്‍’. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ ഉപയോഗിക്കുന്നതും ഇത്തരമൊരു ട്രെയിനാണ്. രണ്ടു ട്രെയിനുകളിലെ ആഡംബര രാജകീയ സൗകര്യങ്ങളുമെല്ലാം പരമ രഹസ്യമാണ്. അത്യാഡംബര നക്ഷത്ര ഹോട്ടലുകളലേതുപോലുള്ള കിടപ്പുമുറി, അത്യാധുനിക ടോയ്ലറ്റ്, കോണ്‍ഫറന്‍സ് ഹാള്‍, എക്സിക്യൂട്ടീവ് ഓഫീസ് റൂം, ജിമ്മുകള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, മസാജ് പാര്‍ലര്‍, ടര്‍ക്കിഷ് ബാത്ത് സ്റ്റീം റൂം, അലങ്കരിച്ച ഡൈനിംഗ് ഹാളുകള്‍, ആധുനിക സംവിധാനങ്ങളുള്ള പാചകശാല, സിനിമാ തിയേറ്റര്‍, ജീവനക്കാര്‍ക്കുള്ള കംപാര്‍ട്ടുമെന്റുകള്‍ തുടങ്ങി കൊട്ടാര സമാനമായ സൗകര്യങ്ങളുള്ള ട്രെയിന്‍. ലണ്ടന്‍ ആസ്ഥാനമായുള്ള റഷ്യന്‍ അന്വേഷണ ഗ്രൂപ്പായ ഡോസിയര്‍ സെന്ററാണ് പുടിന്റെ ട്രെയിനിലെ സൗകര്യങ്ങള്‍ എന്തെല്ലാമെന്നു വെളിപെടുത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടത്. ട്രെയിന്‍ കവചിത വാഹനമാണ്. വാതിലുകളും ജനലുകളും ബുള്ളറ്റ് പ്രൂഫ് ആണ്. മെഡിക്കല്‍ കംപാര്‍ട്ടുമെന്റില്‍ ആധുനിക ആശുപത്രിയിലെ സൗകര്യങ്ങളുണ്ടെന്നാണു റിപ്പോര്‍ട്ട്. റഷ്യന്‍ കമ്പനിയായ സിര്‍ക്കോണ്‍ സര്‍വീസാണു കംപാര്‍ട്ടുമെന്റുകള്‍ സജ്ജമാക്കിയത്. ഈ കമ്പനിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നാണ് ഈ ഗോസ്റ്റ് ട്രെയിനിന്റെ ഫോട്ടോകളും രേഖകളും പുറത്തായത്. 2018 ലാണ് ട്രെയിന്‍ നിര്‍മ്മിച്ചത്. ഏകദേശം 740 ലക്ഷം ഡോളര്‍ ചെലവിട്ടാണു ട്രെയിന്‍ നിര്‍മിച്ചത്. അതായത് 610 കോടി രൂപ. എന്നാല്‍ റഷ്യ ഇതെല്ലാം നിഷേധിക്കുകയാണ്. ‘പ്രസിഡന്റിന് അങ്ങനെയൊരു ട്രെയിന്‍ ഇല്ല.’ എന്നാണ് റഷ്യയുടെ വാദം.
ഗോസ്റ്റ് ട്രെയിന്‍
