കഴിഞ്ഞ സാമ്പത്തികവര്‍ഷം ദക്ഷിണ റെയില്‍വേക്കായി കൂടുതല്‍ വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യ പത്തില്‍ കേരളത്തില്‍ നിന്ന് നാലു സ്റ്റേഷനുകള്‍. തമിഴ്നാട്ടിലെ അഞ്ചും കര്‍ണാടകയില്‍ നിന്ന് ഒരു സ്റ്റേഷനും പട്ടികയില്‍ ഇടംപിടിച്ചു. കേരളത്തിലെ സ്റ്റേഷനുകളില്‍ ഒന്നാം സ്ഥാനത്തുള്ളത് തിരുവനന്തപുരമാണ്. 263 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. 2022-23 സാമ്പത്തികവര്‍ഷം 216 കോടി രൂപയായിരുന്നു തിരുവനന്തപുരത്തിന്റെ വരുമാനം.രണ്ടാം സ്ഥാനത്ത് എറണാകുളം ജംഗ്ഷനാണ്. മുന്‍ വര്‍ഷത്തെ 213 കോടിയില്‍ നിന്ന് 14 കോടി വര്‍ധിച്ച് 227 കോടിയിലേക്ക് എറണാകുളത്തിന്റെ വരുമാനം എത്തി. പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ള കോഴിക്കോടിന് വരുമാനത്തില്‍ വലിയ തോതില്‍ വര്‍ധന രേഖപ്പെടുത്താന്‍ സാധിച്ചു. 147 കോടിയില്‍ 179 കോടിയായി കോഴിക്കോട് വലിയ കുതിപ്പ് രേഖപ്പെടുത്തി. തൃശൂര്‍ (156 കോടിരൂപ), എറണാകുളം ടൗണ്‍ (129 കോടി രൂപ), പാലക്കാട് (115 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് പ്രധാന സ്റ്റേഷനുകളുടെ വരുമാനം. കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും വരുമാനം കൂട്ടാന്‍ റെയില്‍വേയ്ക്ക് സാധിച്ചിട്ടുണ്ട്. ദക്ഷിണ റെയില്‍വേയില്‍ വരുമാനത്തിന്റെ കാര്യത്തില്‍ മുമ്പന്മാര്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനാണ്. 1,215 കോടി രൂപയാണ് ടിക്കറ്റില്‍ നിന്നും ലഭിച്ചത്. ചെന്നൈ എഗ്മോര്‍ 564 കോടി രൂപയുമായി രണ്ടാംസ്ഥാനത്തെത്തി. 324 കോടി രൂപ നേടിയ കോയമ്പത്തൂരാണ് മൂന്നാം സ്ഥാനത്ത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ 100ലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ 60 എണ്ണവും തമിഴ്നാട്ടിലാണ്. കേരളത്തില്‍ 35, ആന്ധ്രപ്രദേശ്, കര്‍ണാടക, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടുവീതം സ്റ്റേഷനുകളും പട്ടികയില്‍ ഇടംപിടിച്ചു. 2023-24 വര്‍ഷത്തില്‍ ദക്ഷിണ റെയില്‍വേ 12,020 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് സ്വന്തമാക്കിയത്. ഇതില്‍ 7,151 കോടി രൂപ ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള സംഭാവനയാണ്. ചരക്കുനീക്കത്തിലൂടെ 3,674 കോടി രൂപയും ലഭിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനത്തിന്റെ വര്‍ധന വരുമാനത്തിലുണ്ടായി.