പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ ദുബായിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏറെ കാലമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു മുഷറഫ്. പാക്ക് മാധ്യമങ്ങളാണ് മരണവാർത്ത പുറത്തുവിട്ടത്. പാകിസ്ഥാൻ സർക്കാരും അന്ത്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.2001 മുതൽ 2008 വരെ പാകിസ്താൻ പ്രസിഡൻ്റ് ആയിരുന്ന മുഷറഫ് ആറു വർഷത്തിലേറെയായി ദുബായിലാണ് താമസം.
കാർഗിൽ യുദ്ധ കാലത്തിന്റെ പാക് സൈനിക മേധാവിയായിരുന്നു മുഷറഫ്. പിന്നീട് പട്ടാള അട്ടിമറിയിലൂടെയാണ് പാകിസ്ഥാനിൽ അധികാരത്തിലേറിയത്.1943 ഓഗസ്റ്റ് 11 ന് അവിഭക്ത ഇന്ത്യയിലെ ദില്ലിയിലാണ് മുഷറഫിന്റെ ജനനം. വിഭജനത്തെ തുടർന്നു പാക്കിസ്ഥാനിലെ കറാച്ചിയിലെത്തി. പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിയിലെ പഠനത്തിന് ശേഷം 1964 ൽ മുഷറഫ് പാക്ക് പട്ടാളത്തിൽ ചേർന്നു. 1965 ലും 1971 ലും ഇന്ത്യാ പാക് യുദ്ധങ്ങളിൽ പങ്കെടുത്തു. 1998 ൽ നവാസ് ഷെരീഫ് മുഷാറഫിനെ സൈനിക മേധാവിയാക്കി.2001 വരെ സൈനിക മേധാവിയായി പട്ടാളഭരണകൂടത്തിനു നേതൃത്വം നൽകിയ മുഷാറഫ് 2001 ൽ പ്രസിഡന്റായി. 2007 മാർച്ചിൽ ജുഡീഷ്യറിയുമായുണ്ടായ ഏറ്റുമുട്ടലാണ് മുഷറഫിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത്. അധികാരം നിലനിർത്താനുള്ള വ്യഗ്രതയിൽ 2007 ഡിസംബറിൽ മുഷറഫ് പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒടുവിൽ മുഷറഫിനെതിരെ യോജിച്ചുനീങ്ങാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. ഇംപീച്ചേമ്ന്റിന്റെ വക്കിൽ നിൽക്കെ 2008 ഓഗസ്റ്റ് 18ന് മുഷറഫ് രാജിവച്ചു. രാജ്യംവിട്ട് യുഎഇയിലേക്ക് പോയ മുഷാറഫ് 2013 ൽ മടങ്ങിയെത്തി വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാൻ ശ്രമിച്ചെങ്കിലും വിജയിക്കാൻ സാധിച്ചില്ല. നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗംബാധിച്ച് രണ്ടു വർഷമായി യുഎഇയിൽ ചികിത്സയിലായിരുന്നു. യന്ത്ര സഹായത്തോടെ ഏറെ മാസങ്ങളായി ജീവൻ നിലനിർത്തിയിരുന്നത്.