പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല, ഇതേ അളവില്‍ തലച്ചോറിനും ദോഷം ചെയ്യുമെന്ന് പഠനം. ഒരാള്‍ പുകവലിക്കുമ്പോള്‍ തലച്ചോറിന്റെ സബ്കോര്‍ട്ടിക്കല്‍ ഭാഗത്ത് അത് നേരിട്ട് ബാധിക്കുന്നു. തലച്ചോറിന്റെ ഈ ഭാഗത്തിന് വികാരം, ഓര്‍മശക്തി, സന്തോഷം, ഹോര്‍മോണ്‍ ഉല്പാദനം എന്നിവയെല്ലാമായി ബന്ധമുണ്ട്. പുകവലിക്കുന്നവരില്‍ തലച്ചോറിന്റെ വ്യാപ്തി കുറഞ്ഞു വരാനുള്ള സാധ്യത അധികമാണ്. ഇത് പക്ഷാഘാതം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. വേള്‍ഡ് സ്ട്രോക്ക് ഓര്ഗനൈസേഷന് പുകയിലയുടെ അപടങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുകവലിക്കാത്ത ഒരാളെ അപേക്ഷിച്ച് 20 സിഗരറ്റ് വലിക്കുന്ന ഒരാള്‍ക്ക് പക്ഷാഘാതം വരാനുള്ള സാധ്യത ആറിരട്ടി ആണ്. പുകവലി എങ്ങനെ ബൗദ്ധികമായ ഇടിവിന് കാരണമാകും എന്നതിനെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്. അതില്‍ ആദ്യത്തേത് പുകവലി, തലച്ചോറിന്റെ പ്രായമാകല്‍ നേരത്തെയാക്കും എന്നതാണ്. ഇത് ഓക്സീകരണസമ്മര്‍ദം കൂടി അല്‍ഷിമേഴ്സ് രോഗം വരാനുള്ള സാധ്യത കൂട്ടും. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, ടൈപ്പ്2 പ്രമേഹം ഇവയെല്ലാം വര്‍ധിച്ച മറവിരോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കമില്ലായ്മ, മറ്റ് ഉറക്കപ്രശ്നങ്ങള്‍ ഇവയ്ക്കെല്ലാം ഉള്ള സാധ്യതയ്ക്കും പുകവലി കാരണമാകുന്നു. ഈ അവസ്ഥകളെല്ലാം മറവി രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ബ്രെയ്ന്‍ കാന്‍സറിനും പുകവലി കാരണമാകും എന്ന് ഗവേഷകര്‍. വേക്ക് ഫോറസ്റ്റ് സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടത്. ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ തലച്ചോറിലേക്ക് പകരുന്നതിന് നിക്കോട്ടിന് കാരണമാകുന്നു. 281 ശ്വാസകോശാര്ബുദരോഗികളിലാണ് പഠനം നടത്തിയത്. പുകവലിക്കാരില്‍ ബ്രെയ്ന്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നു കണ്ടു.
പുകവലി തലച്ചോറിനും ദോഷം ചെയ്യുമെന്ന് പഠനം
