ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുൻ എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ. അടിയന്തരമായി വാദം കേൾക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വധശ്രമകേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ ഇന്നലെയാണ് ത്രിപുരയടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനവേളയിൽ ലക്ഷദ്വീപിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വധശ്രമക്കേസിൽ മുൻ എംപി ജയിലിൽ ആയതോടെയാണ് ലക്ഷദ്വീപിൽ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് എത്തിയത്. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചാൽ മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ഇല്ലാതാകും. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് വെറുതെയാകും. വധശ്രമക്കേസിൽ 10 വർഷം ശിക്ഷിച്ചതിനാലാണ് ചട്ടപ്രകാരം ലോകസഭാ സെക്രട്ടറി, എംപിയായ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. എന്നാൽ സെഷൻ കോടതിക്ക് മുകളിലുള്ള മേൽക്കോടതികൾ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയാണെങ്കിൽ അയോഗ്യത ഇല്ലാതാകും. പാലമെൻ്റ് നടപടികളിൽ പങ്കെടുക്കാനും നിയമപരമായി സാധിക്കും.
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുൻ എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ
