ബജറ്റ് നിരാശാജനകമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാമ്പത്തിക രംഗം മുന്നോട്ടുപോകുന്നെന്ന് മാത്രമാണ് കേന്ദ്രം അവകാശപ്പെടുന്നത്, മാന്ദ്യ വിരുദ്ധ പാക്കേജ് വേണമായിരുന്നെന്നും ബാലഗോപാല്‍ പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് കേരളം കാത്തിരുന്നത്. ഒരു മേഖലയിലും കേരളത്തിന് അനുകൂലമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. കഴിഞ്ഞ പ്രാവശ്യത്തെ ബജറ്റിന്റെ കോപ്പി പേസ്റ്റ് രൂപമാണ് ഇത്തവണത്തേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്പാദന മേഖലയിലെ പ്രതിസന്ധി മറികടക്കാൻ കൂടുതല്‍ തൊഴിലവസരവും, നിക്ഷേപവും ലഭിക്കുന്ന തരത്തിലുള്ള പദ്ധതികൾ പ്രഖ്യാപിക്കണമായിരുന്നു. ഇന്നത്തെ ബജറ്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് . തെരഞ്ഞെടുപ്പിൽ വിജയിക്കുവാനുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകളാണ് ഇന്നത്തെ ബജറ്റിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.