62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി ചലച്ചിത്ര താരം മമ്മൂട്ടി. കലോത്സവ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുമ്പോള്‍ ഏത് വേഷമാണ് താന്‍ ധരിക്കണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നതെന്ന വിഡിയോ കണ്ടാണ് എത്തിയത്. ഞാൻ പുതിയൊരു ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെ തയ്യാറാക്കി വച്ചതായിരുന്നു. അപ്പോഴാണ് ആ വീഡിയോയിൽ ഒരു മുണ്ടും വെള്ള ഷർട്ടുമിട്ടാവും വരികയെന്നു പറയുന്നത് കേട്ടത്. അങ്ങനെ ആ പ്രതീക്ഷയ്ക്കൊത്ത് അണിഞ്ഞൊരുങ്ങി വന്നു.
കലാപരിപാടികളിലെ വിജയപരാജയങ്ങൾ കലാപ്രവർത്തനങ്ങളെ ബാധിക്കരുത്. നാം അവതരിപ്പിക്കുന്നത് കലാപ്രകടനം മാത്രമാണ്. പരാജയപ്പെട്ടു എന്ന് വിചാരിച്ച് ഒരിക്കലും കലാപരമായ കഴിവുകൾ വിട്ടുകളയരുത്, അവ തേച്ചു മിനുക്കി മാറ്റുകൂട്ടി എടുക്കണം. കലാമത്സരങ്ങളിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും അവസരങ്ങളെല്ലാം ഒരുപോലെ തന്നെയാണ് ലഭിക്കുക.
ഒരു യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ പോലും പങ്കെടുക്കാന്‍ കഴിയാത്ത ആളാണ് താന്‍. ആ എനിക്ക് നിങ്ങളുടെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ കഴിഞ്ഞെങ്കില്‍ പരാജയപ്പെട്ടവര്‍ക്കും വിജയിച്ചവര്‍ക്കും അതിന് സാധിക്കും. കേരളത്തിലെ എല്ലാ തരം മത്സരങ്ങളും ഒരു വിവേചനവുമില്ലാതെ അവതരിപ്പിക്കപ്പെടുന്ന വേദിയാണ് കലോത്സവം എന്നും മമ്മൂട്ടി പറഞ്ഞു.കൊല്ലത്ത് ഇത്ര വലിയ പരിപടി സംഘടിപ്പിച്ച സംഘാടകരോടും മത്സരങ്ങൾ പ്രോത്സാഹിപ്പിച്ച ഇവിടുത്തെ ജനങ്ങളോടും നന്ദി പറയുന്നു.എല്ലാവർക്കും ആശംസകൾ നേരുന്നു എന്നും മമ്മൂട്ടി പറഞ്ഞു.