മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ ബാധിച്ച് ബാംഗളൂരുവില്‍ ചികില്‍സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ നാലരയോടെയാണു മരണം സ്ഥിരീകരിച്ചത്.
കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രിയായിരുന്നു വിടവാങ്ങിയ ഉമ്മന്‍ ചാണ്ടി. 2004 മുതല്‍ 2006 വരേയും 2011 മുതല്‍ 2016 വരേയും മുഖ്യമന്ത്രിയായിരുന്നു. 1970 മുതല്‍ 53 വര്‍ഷം തുടര്‍ച്ചയായി പുതുപ്പള്ളി എംഎല്‍എ യാണ്. 1977 മുതല്‍ തൊഴില്‍ വകുപ്പു മന്ത്രി, 1982 മുതല്‍ ആഭ്യന്തര മന്ത്രി, 1991 മുതല്‍ ധനമന്ത്രി, 2006 മുതല്‍ 2011 വരെ പ്രതിപക്ഷ നേതാവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. സാധാരണ കെഎസ് യു പ്രവര്‍ത്തകനായാണു പൊതുജീവിതം ആരംഭിച്ചത്.
ബെംഗളൂരുവില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ഇന്നു വൈകുന്നേരത്തോടെ കേരളത്തില്‍ എത്തിക്കും. ബെംഗളൂരുവില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗത്തിന് എത്തിയ എഐസിസി നേതാക്കള്‍ അടക്കമുള്ളവര്‍ അന്ത്യാഞ്ജലിയുമായി രാവിലെത്തന്നെ ചിന്മയ മിഷന് ആശുപത്രിയില്‍ എത്തും.