ഫഹദ് ഫാസിലിനെ നായകനാക്കി പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ‘ധൂമ’ത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. സിനിമാ തിയറ്ററുകളില്‍ കാണിക്കാറുള്ള പുകയില ഉപയോഗത്തിനെതിരായ സര്‍ക്കാര്‍ പരസ്യത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിന്ന് ആരംഭിക്കുന്ന ട്രെയ്‌ലര്‍ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാണ്. കെജിഎഫ് ഫ്രാഞ്ചൈസി, കാന്താര തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിര്‍മ്മാണ കമ്പനി ഹൊംബാളെ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അവരുടെ ആദ്യ മലയാള ചിത്രവുമാണ് ഇത്. ലൂസിയ, യു ടേണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ധൂമം ഒരുക്കുന്ന പവന്‍ കുമാര്‍. അപര്‍ണ ബാലമുരളി നായികയാവുന്ന ചിത്രം മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിന് എത്തും. പവന്‍ കുമാറിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. മാസ് വേഷത്തിലാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ എത്തുക. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപര്‍ണയും ഒന്നിക്കുന്ന സിനിമ കൂടെയാണ് ധൂമം. റോഷന്‍ മാത്യു, അച്യുത് കുമാര്‍, ജോയ് മാത്യു, ദേവ് മോഹന്‍, നന്ദു, ഭാനുമതി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.