സര്‍വകലാശാലകളില്‍ ചാന്‍സലറായ ഗവര്‍ണറുടെ അധികാരം നിയന്ത്രിക്കാനുള്ള ഭേദഗതി നിയമം ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ അഞ്ചംഗങ്ങളുണ്ടാകും. സമിതിയില്‍ സര്‍ക്കാരിന് മേധാവിത്വമുണ്ടാകും. സിപിഐ എതിര്‍ത്തിരുന്ന ലോകായുക്ത ഭേദഗതി ബില്ലും ബുധനാഴ്ച നിയമസഭയിലെത്തും. 25, 26 ദിവസങ്ങളില്‍ നിയമസഭ ഉണ്ടാകില്ല.

വിഴിഞ്ഞം തുറമുഖത്തെ കരയിലും കടലിലും വളഞ്ഞ് മല്‍സ്യത്തൊഴിലാളികള്‍. ബാരിക്കേഡുകള്‍ തള്ളിമാറ്റിയും എല്ലാ ഗേറ്റുകളും ചാടിക്കടന്നും സമരക്കാര്‍ മുന്നേറി. കടലില്‍ നൂറുകണക്കിനു ബോട്ടുകളിലായി സമരക്കാര്‍ എത്തി തുറമുഖ പ്രദേശം വളഞ്ഞു. ടവറിനു മുകളില്‍ കൊടി നാട്ടി പ്രതിഷേധിച്ചു. (ജീവന്മരണ പോരാട്ടം- ഫ്രാങ്ക്ലി സ്പീക്കിംഗ്. https://youtu.be/QqrdL_ow7O0 )

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു. കോഴിക്കോട് പേരാമ്പ്ര കൂത്താളിയില്‍ പുതിയേടത്ത് ചന്ദ്രിക (53) യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം 21 ന് തെരുവ് നായയുടെ കടിയേറ്റ ചന്ദ്രിക പേവിഷബാധക്കെതിരെ ക്യത്യമായ വാക്സീനുകള്‍ എടുത്തിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. പത്ത് ദിവസം മുമ്പ് ഇവര്‍ക്ക് പനിയും അണുബാധയുമുണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു. ഇതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാക്സീനെടുത്തിട്ടും മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

ഡല്‍ഹിയില്‍ കര്‍ഷകരുടെ മഹാപഞ്ചായത്ത്. ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ഡല്‍ഹി ജന്തര്‍ മന്ദിറില്‍ ജനസാഗരമാണ് എത്തിയത്. പോലീസിന്റെ ബാരിക്കേഡുകള്‍ മറിച്ചിട്ടാണ് കര്‍ഷകര്‍ എത്തിയത്. കാര്‍ഷികോല്‍പന്നങ്ങള്‍ക്കു താങ്ങുവില പ്രഖ്യാപിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങി ഒമ്പത് ആവശ്യങ്ങളുമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പതിനയ്യായിരത്തിലേറെ കര്‍ഷകര്‍ സരമത്തിനെത്തി.

ബിജെപിയില്‍ ചേര്‍ന്നാല്‍ മദ്യക്കേസും അഴിമതിക്കേസുമെല്ലാം ഒഴിവാക്കിത്തരാമെന്ന് സന്ദേശം ലഭിച്ചെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. തല പോയാലും ബിജെപിയിലേക്കു താന്‍ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു. കേസുകളെല്ലാം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി പ്രിയ വര്‍ഗീസിനെ നിയമിക്കുന്ന നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറയയുടെ ഹര്‍ജിയിലാണ് നടപടി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ഒരേ ലക്ഷ്യത്തിനായി പോരാടിയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍നിന്ന് ചിലരെ അടര്‍ത്തിമാറ്റാനുള്ള ശ്രമം ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തിന്റെ ഭാഗമായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയുടെ പാഠത്തിന് ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് സ്പീക്കര്‍ എം ബി രാജേഷ്. സ്വാതന്ത്ര്യ സമര പോരാട്ടത്തിനു നേതൃത്വം നല്‍കിയ ഗാന്ധിയുടെയും നെഹ്‌റുവിന്റേയും സ്ഥാനത്ത് ബ്രിട്ടിഷുകാര്‍ക്ക് മുന്നില്‍ മാപ്പ് അപേക്ഷ നല്‍കിയ ചിലരെ പ്രതിഷ്ഠിക്കാന്‍ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടിയെങ്കിലും യുഡിഎഫ് സീറ്റുകള്‍ ഇരട്ടിയാക്കി. 35 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 21 സീറ്റിലും യുഡിഎഫ് 14 ഡിവിഷനുകളിലും ജയിച്ചു. നിലവില്‍ എല്‍ഡിഎഫിന് 28 സീറ്റുണ്ടായിരുന്നു. 25 സീറ്റുകള്‍ സിപിഎം ഒറ്റയ്ക്ക് നേടിയ നഗരസഭയിലാണ് ഇക്കുറി എല്‍ഡിഎഫ് 21 ല്‍ ഒതുങ്ങിയത്.

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റെന്നത് വ്യാജ പ്രചാരണമാണെന്ന് മുന്‍ മന്ത്രി കെ.കെ.ശൈലജ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. രജിത 661 വോട്ടു നേടി ജയിച്ചു. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 81 വോട്ടാണ് ലഭിച്ചതെന്നും ശൈലജ.

കോട്ടയം കടുത്തുരുത്തിയില്‍ അമിതവേഗത്തിലെത്തിയെ സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് കോളജ് അധ്യാപകന്‍ അടക്കം രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരന്‍ ഞീഴൂര്‍ ഐഎച്ച്ആര്‍ഡി കോളജ് അധ്യാപകന്‍ വൈക്കം തലയോലപറമ്പ് കാര്‍ത്തിക നിവാസില്‍ അനന്തു ഗോപിയും (28), സ്‌കൂട്ടര്‍ യാത്രക്കാരന്‍ അമല്‍ ജോസഫ് (23) എന്നിവരാണു മരിച്ചത്.

സൗദിയിലെ ജിസാനിനടുത്ത ബൈഷില്‍ നടന്ന വാഹനാപകടത്തില്‍ മലപ്പുറം വേങ്ങരയിലെ സഹോദരങ്ങള്‍ മരിച്ചു. വെട്ടുതോട് നെല്ലിപറമ്പ് കാപ്പില്‍ കുഞ്ഞി മുഹമ്മദ്ഹാജിയുടെ മക്കളായ ജബ്ബാര്‍ (44), റഫീഖ് (41) എന്നിവരാണ് മരിച്ചത്. കടകളിലേക്കു പച്ചക്കറി എത്തിക്കുന്ന ബിസിനസാണ് ഇരുവരും നടത്തിയിരുന്നത്.

ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസില്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്.

സര്‍വകലാശാലകള്‍ക്കെതിരെ ഗവര്‍ണര്‍ നിഴല്‍ യുദ്ധം നടത്തുകയാണെന്ന് സിപിഐ മുഖപത്രമായ ജനയുഗം. ഇല്ലാത്ത അധികാരം എടുത്തണിഞ്ഞു ഗവര്‍ണര്‍ മേനി നടിക്കുന്നു. ഗവര്‍ണറുടെ നടപടികള്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കുറ്റപ്പെടുത്തി.

പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വോട്ടയുടെ മൂന്നാമതും അവസാനത്തേതുമായ അലോട്ട്മെന്റ് തയ്യാര്‍. 24 ന് വൈകുന്നേരം അഞ്ചിനു മുമ്പു പ്രവേശനം നേടണം.

കോഴിക്കോട് ഇന്നലെ രാത്രി ലാത്തിച്ചാര്‍ജിനും അറുപതു പേര്‍ക്കു പരിക്കിനും ഇടയാക്കിയ സംഗീത പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് പോലീസ്. പോലീസിനെ ആക്രമച്ചതിന് മാത്തോട്ടം സ്വദേശി മുഹമ്മദ് ഷുഹൈബിനെ അറസ്റ്റു ചെയ്തു. സംഘര്‍ഷത്തിന് അമ്പതു പേര്‍ക്കെതിരേ കേസെടുത്തു. കോഴിക്കോട് ജെഡിടി കോളജ് പാലിയേറ്റീവ് കെയറിനായി സംഘടിപ്പിച്ച കാര്‍ണിവലില്‍ സ്റ്റാളുകള്‍ക്കുള്ള അനുമതിയാണ് നല്‍കിയതെന്നും പോലീസും മേയറും പറഞ്ഞു.

ഞാറക്കലിലെ സിപിഐ ഓഫീസ് ആക്രമണ കേസില്‍ സിപിഎം ഏരിയാ സെക്രട്ടറി പ്രിനില്‍ ഉള്‍പെടെ അഞ്ചു സിപിഎമ്മുകാര്‍ക്കെതിരെ കേസ്. ഞാറയ്ക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് സി പി ഐ മണ്ഡലം സെക്രട്ടറിക്ക് അടക്കം പരിക്കേറ്റത്.

നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും. സെഷന്‍സ് കോടതിയിലെ വിചാരണ നിര്‍ത്തിവക്കണം എന്ന ആവശ്യം തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ആണ് ഹര്‍ജി പരിഗണിക്കുന്നത്.

കഞ്ചാവ് നല്‍കാമെന്നു പറഞ്ഞ് കടലാസു കഷണങ്ങള്‍ പൊതിഞ്ഞു നല്‍കിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി അടക്കം രണ്ടു പേര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ഗുരുജി എന്ന ഗിരീഷ് കുമാര്‍, തിരുവല്ല സ്വദേശി ഗോപിക എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 10 പേരടങ്ങുന്ന സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ആറു പേരെ പൊലീസ് പിടികൂടിയിരുന്നു.

സിബിഎസ്ഇ കംപാര്‍ട്ട്മെന്റ് പരീക്ഷ നാളെ. അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെബ്സൈറ്റില്‍നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. പത്താം ക്ലാസ് കംപാര്‍ട്ടെമന്റ് പരീക്ഷ 29 വരെയാണ്. പന്ത്രണ്ടാം ക്ലാസ് കംപാര്‍ട്ട്മെന്റ് പരീക്ഷ നാളെ രാവിലെ 10.30 മുതല്‍ 12.30 വരെ രണ്ട് മണിക്കൂറാണ്.

തൃശൂര്‍ നഗരത്തില്‍ മദ്യപിച്ച് ബസോടിച്ച ഏഴു ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു. അഞ്ച് കണ്ടക്ടര്‍മാരും മദ്യപിച്ചിരുന്നു. ഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് പിടിച്ചിട്ടു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് ശക്തന്‍, വടക്കേ സ്റ്റാന്‍ഡുകളില്‍ പരിശോധന നടത്തിയത്. രാവിലെ ആറു മുതല്‍ ഏഴരവരെയാണു പരിശോധന നടത്തിയത്.

മലയാള സിനിമാ സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു. 77 വയസായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗര്‍ സൗപര്‍ണികയിലായിരുന്നു താമസം.

ഡല്‍ഹി സര്‍ക്കാര്‍ ലോ ഫ്ളോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണവും സി ബി ഐ അന്വേഷിക്കുന്നു. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നാലു മാസംമുമ്പ് 1000 ലോ ഫ്ലോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നു മുന്‍ ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ആരോപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര, ധനകാര്യ മന്ത്രാലയങ്ങള്‍ക്കു പരാതി നല്‍കുകയും ചെ്തിരുന്നു.

ഡല്‍ഹി മദ്യക്കേസില്‍ അഞ്ചാം പ്രതിയും മലയാളിയുമായ വിജയ് നായര്‍ക്കേതിരെ കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയവും അന്വേഷണം തുടങ്ങി. ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണത്തിനായി പരിപാടികള്‍ സംഘടിപ്പിച്ചു സജീവമായി പ്രവര്‍ത്തിച്ചയാളാണ് വിജയ് നായര്‍. എക്സൈസിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. വിജയ് നായര്‍ക്ക് നേരിട്ട് ബന്ധമുള്ള കമ്പനികളെയും നടത്തിയ ഇടപാടുകളേയുംകുറിച്ചാണ് അന്വേഷണം.

വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും രാജ്യം വലയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വൃത്തികെട്ട കളി നടത്തുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ജനം ആരോട് പരാതി പറയുമെന്നും കെജരിവാള്‍ ചോദിച്ചു.

കാര്‍ഷികോല്‍പന്നങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമതിയുടെ ആദ്യയോഗം ഇന്ന്. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ ഒരു വര്‍ഷംമുമ്പു പിന്‍വലിച്ച മോദി സര്‍ക്കാര്‍ താങ്ങുവലി വര്‍ധിപ്പിക്കുന്ന കാര്യം പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. സമിതിയുമായി സഹകരിക്കില്ലെന്നു രാജ്യത്തെ പ്രമുഖ കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ഷകര്‍ക്ക് വിളകളുടെ താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്ത് അദാനിയാണെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. ഇന്നലെ ഹരിയാനയില്‍ നടന്ന പരിപാടിയിലാണ് നരേന്ദ്രമോദിയെ വിമര്‍ശിച്ച് മേഘാലയ ഗവര്‍ണര്‍ പരസ്യമായി രംഗത്തെത്തിയത്.

ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്രമോദി അടക്കമുള്ളവര്‍ക്കെതിരേ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റു ചെയ്ത സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസയച്ചു. ഇടക്കാല ജാമ്യം അനുവദിക്കുന്നതില്‍ നിലപാട് അറിയിക്കണമെന്നാണു കോടതി നിര്‍ദേശം.

2024 ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയേയും ബിജെപിയേയും നേരിടാന്‍ മഹാസഖ്യത്തിന്റെ ആവശ്യമില്ലെന്നു തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ബിഹാര്‍, മാഹാരാഷ്ട്ര, ജാര്‍ക്കണ്ഡ് സംസ്ഥാനങ്ങളില്‍ മാത്രം അങ്ങനെയൊരു സഖ്യമാകാം. രാഹുല്‍ഗാന്ധി പരാജയമാണെന്നും മമത പറഞ്ഞു.

ഗാന്ധിമാര്‍ക്കപ്പുറം കോണ്‍ഗ്രസ് ചിന്തിക്കേണ്ടതുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. എഐസിസി പ്രസിഡന്റു സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി തയാറാകാത്ത സാഹചര്യത്തിലാണ് ആനന്ദ് ശര്‍മ്മ ഇങ്ങനെ പ്രതികരിച്ചത്. 1978-ല്‍ ഇന്ദിരാഗാന്ധിയെ പുറത്താക്കിയതിന് ശേഷം പാര്‍ട്ടിയെ നിലനിറുത്തിയത് നിരവധി നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം അമ്പത് കടന്നു. മഴക്കെടുതികള്‍ തുടരുന്നു. ഒഡീഷയില്‍ അഞ്ചു ലക്ഷത്തോളം പേര്‍ ദുരിതത്തിലാണ്. ഹിമാചലില്‍ മാത്രം 27 പേര്‍ മരിച്ചു. 7 വീടുകള്‍ തകര്‍ന്നു. മധ്യപ്രദേശിലും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് 39 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് ബെംഗ്ലൂരുവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. നിരവധി മലയാളികള്‍ തട്ടിപ്പിനിരയായി. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, യൂണിലിവര്‍,ടി വി എസ് അടക്കം വന്‍കിട സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളികള്‍ അടക്കം നിരവധി പേരുടെ പണം തട്ടിയത്. ജിസ്ട്രേഷന്‍ തുകയായി 3000 മുതല്‍ 5000 വരെ രൂപ വാങ്ങിയാണു തട്ടിപ്പ്.

ലോകസുന്ദരി പട്ടത്തിനായി ഇനി വിവാഹിതകള്‍ക്കും അമ്മമാര്‍ക്കും മത്സരിക്കാം. പ്രായപരിധി 18 മുതല്‍ 28 വരെ വയസായിത്തന്നെ തുടരും.

ദുബൈയില്‍ അനധികൃത മസാജ് സേവനം വാഗ്ദാനം ചെയ്ത 870 പേരെ 15 മാസത്തിനിടെ അറസ്റ്റു ചെയ്തു. മസാജ് സെന്ററുകളുടെ പരസ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന 59 ലക്ഷം കാര്‍ഡുകളും പിടിച്ചെടുത്തു.

അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ താത്കാലിക ഭരണ സമിതിയുടെ പ്രവര്‍ത്തനം സുപ്രീം കോടതി അവസാനിപ്പിച്ചു. ഭരണ ചുമതല ആക്ടിംഗ് സെക്രട്ടറി ജനറലിനു കൈമാറി. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ എക്സിക്യുട്ടീവ് കൗണ്‍സിലേക്കുഉള്ള തെരെഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് കോടതി മാറ്റിവച്ചു.

സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. റയല്‍ സോസിഡാഡിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ബാഴ്സലോണ തകര്‍ത്തത്. ലെവന്‍ഡോവ്‌സ്‌കിയുടേയും അന്‍സു ഫാറ്റിയുടേയും മികച്ച പ്രകടനമാണ് ബാഴ്‌സയ്ക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയുടെ കുറവാണ് ഉണ്ടായത്. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4760 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,930 രൂപയാണ്.

സ്വര്‍ണത്തില്‍ നിക്ഷേപിച്ച് നേട്ടം കൊയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് അവതരിപ്പിച്ച സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീമിന്റെ നടപ്പുവര്‍ഷത്തെ രണ്ടാം പതിപ്പിന് തുടക്കമായി. ഈ മാസം 26വരെ വാങ്ങാം. ഗ്രാമിന് 5,197 രൂപയാണ് വില. ഡിജിറ്റലായി അപേക്ഷിക്കുന്നവര്‍ക്കും പണമടയ്ക്കുന്നവര്‍ക്കും റിസര്‍വ് ബാങ്ക് 50 രൂപ ഡിസ്‌കൗണ്ട് നല്‍കും. ഇവര്‍ 5,147 രൂപ ഗ്രാമിന് നല്‍കിയാല്‍ മതി. 30നാണ് ബോണ്ട് വിതരണം. സ്വര്‍ണവിലയ്‌ക്കൊപ്പം നികുതിയില്ലാതെ 2.50 ശതമാനം പലിശ കൂടി നിക്ഷേകന് ലഭിക്കുമെന്നതാണ് സ്വര്‍ണ ബോണ്ടിന്റെ സവിശേഷത. ബോണ്ട് കാലാവധി പൂര്‍ത്തിയാകുന്ന സമയത്തെ സ്വര്‍ണ നിരക്കിനെ അടിസ്ഥാനമാക്കി ഇതിനെ പണമാക്കി മാറ്റാനും സാധിക്കും.

ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കന്‍ തല്ല് കേസി’ലെ പുതിയ വീഡിയോ ഗാനം പുറത്തെത്തി. ‘പ്രേമ നെയ്യപ്പം’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അഞ്ചുതെങ്ങ് തീരദേശത്ത് നടന്ന, പ്രഭക്കുട്ടന്‍- സുശീല നഷ്ടപ്രണയത്തിന്റെ കഥയാണ് ഈ പ്രൊമോ ഗാനത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പഴയകാലഗാനങ്ങളെ അനുസ്മരിപ്പിക്കുന്ന വരികള്‍ക്ക് ആധുനിക സംഗീതോപകരണങ്ങളുടെ പിന്‍ബലത്തോടെ അതിമനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നതും ആലപിക്കുന്നതും യുവ സംഗീത സംവിധായകനായ ജസ്റ്റിന്‍ വര്‍ഗീസ് ആണ്. പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ രജനീകാന്ത് ചിത്രമാണ് ‘ജയിലര്‍’. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കണ്ണുകളില്‍ ഏറെ ഗൗരവം നിറച്ച് കൈകള്‍ രണ്ടും പുറകില്‍ കെട്ടി നടന്ന് വരുന്ന രജനീകാന്ത് ആണ് പോസ്റ്ററില്‍ ഉള്ളത്. ഒരു ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. തമന്നയാണ് നായികയായി എത്തുന്നതെന്നാണ് വിവരം. രമ്യാ കൃഷ്ണനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

മാരുതി സുസുക്കിയുടെ പുതുതലമുറ ഓള്‍ട്ടോ കെ10 വിപണിയിലെത്തി. 3.99 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ഫീച്ചറുകളിലും നിറഭേദങ്ങളിലും ഒട്ടേറെ പുതുമകളാണ് പുത്തന്‍ കെ10ന് അവകാശപ്പെടാനുള്ളത്. നിലവില്‍ വില്പനയിലുള്ള ഓള്‍ട്ടോ 800നേക്കാള്‍ വലിയ മോഡലാണിത്. ഫീച്ചറുകളിലെ സമ്പന്നതയും വലിയ രൂപവും മനോഹരമായ രൂപകല്പനയും ഇത് വ്യക്തമാക്കുന്നു. ലോഞ്ചിംഗിന് മുന്നേ 11,000 രൂപയടച്ച് പുത്തന്‍ ഓള്‍ട്ടോ കെ10 ബുക്ക് ചെയ്യാനുള്ള അവസരം മാരുതി അറീന ഡീലര്‍ഷിപ്പുകളില്‍ ഒരുക്കിയിരുന്നു.

അരനൂറ്റാണ്ടുമുമ്പുള്ള നമ്മുടെ നാട്ടിലെ ബാല്യകൗമാരജീവിതങ്ങള്‍ക്കുനേരെ പിടിച്ച കണ്ണാടിയാണിത്. അക്കാലത്ത് ഓരോ ഗ്രാമത്തിലുമെന്നപോലെ പിറവിയെടുത്ത വായനശാലയെ നെഞ്ചിലേറ്റിയ സുമനസ്സുകളും അതുവഴി ഒരു പുതിയ ലോകം തുറന്നുകിട്ടിയ തലമുറയും ഇതില്‍ ജീവനായുണ്ട്. വായിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങളെ കണ്ടുമുട്ടുന്ന അനുഭവം പ്രദാനംചെയ്യുന്ന കൃതി. ‘അരണം’. സി.ജെ അന്തോണി. എച്ചആന്‍ഡ്സി ബുക്സ്. വില 190 രൂപ.

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. എന്നാല്‍ കളിയും വ്യായാമം ചെയ്യലും വളരെ കുറവായതിനാല്‍ അവര്‍ ബോറടിക്കുമ്പോഴൊക്കെ ഭക്ഷണം കഴിക്കാനുള്ള സാധ്യതയുണ്ട്. വളര്‍ച്ചയ്ക്ക് ആവശ്യമായതില്‍ കൂടുതലായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍ അത് നിയന്ത്രിക്കണം. ഇല്ലെങ്കില്‍ അമിതവണ്ണത്തിന് സാധ്യതയുണ്ട്. കുട്ടികള്‍ക്ക് പൊതുവേ താല്‍പര്യം സിന്തറ്റിക് ജൂസുകളോടും വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളോടും കേക്ക്, പേസ്ട്രി തുടങ്ങിയ ഭക്ഷണങ്ങളോടുമായിരിക്കും. ഇവ ഇടയ്ക്കിടെ നല്‍കിയാല്‍ പ്രധാന ഭക്ഷണം കഴിക്കുന്നത് കുറയാനിടയാക്കും. പ്രധാന ഭക്ഷണത്തില്‍ നിന്നാണ് ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ മുഴുവന്‍ കിട്ടുന്നത് എന്നതിനാല്‍ ഇടയ്ക്കുള്ള സ്നാക്സ് ഒഴിവാക്കാം. രാവിലെയും ഉച്ചയ്ക്കും രാത്രിയുമുള്ള പ്രധാന ഭക്ഷണം ആവശ്യമായ അളവില്‍ കൃത്യസമയത്ത് കഴിക്കണം. ദിവസം എട്ടു മുതല്‍ പത്തു ഗ്ലാസ് വരെ വെള്ളം കുടിപ്പിക്കണം. ഇടയ്ക്ക് ആപ്പിളോ, ഓറഞ്ചോ, മുന്തിരിയോ അധികം മധുരം ചേര്‍ക്കാതെ ജൂസ് ആയി നല്‍കാം. അമിത മധുരമില്ലാതെ നാരങ്ങാവെള്ളവും നിത്യവും കഴിക്കാം. പച്ചക്കറികളും പഴങ്ങളും കൂടുതലടങ്ങിയ ഭക്ഷണമായിരിക്കണം കുട്ടികളുടേത്. അവര്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തില്‍ ഊത്തപ്പം ആയോ, സ്റ്റഫ്ഡ് ചപ്പാത്തി ആയോ ഒക്കെ കഴിപ്പിക്കാം. അമിത എണ്ണയും പഞ്ചസാരയും നിര്‍ബന്ധമായും കുറയ്ക്കുക. ഫ്രൂട്സ് അരിഞ്ഞ് അല്‍പം തേന്‍ ചേര്‍ത്ത് തണുപ്പിച്ചോ, ഓംലെറ്റ് അകത്തു വച്ചു തയാറാക്കിയ സാന്‍വിച്ചോ, ഗ്രീന്‍ ചട്നി ഉള്ളില്‍ വച്ച സാന്‍വിച്ചോ കടലയും പച്ചക്കറികളും മുളപ്പിച്ച ധാന്യങ്ങളും ചേര്‍ത്ത് വേറിട്ട രീതിയില്‍ തയാറാക്കിയ സാലഡോ നല്‍കാം. പാല്‍, നട്സ് എന്നിവ അമിതമാകാതെ ശ്രദ്ധിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 79.88, പൗണ്ട് – 94.22, യൂറോ – 79.91, സ്വിസ് ഫ്രാങ്ക് – 83.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.05, ബഹറിന്‍ ദിനാര്‍ – 211.91, കുവൈത്ത് ദിനാര്‍ -259.82, ഒമാനി റിയാല്‍ – 207.51, സൗദി റിയാല്‍ – 21.27, യു.എ.ഇ ദിര്‍ഹം – 21.75, ഖത്തര്‍ റിയാല്‍ – 21.94, കനേഡിയന്‍ ഡോളര്‍ – 61.39.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *