◼️തെരഞ്ഞെടുപ്പിനു രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. ക്ഷേമപദ്ധതികളുടെ പേരില്‍ ഇലക്ട്രാണിക്സ് ഉപകരണങ്ങള്‍ നല്‍കാമോയെന്നു കോടതി ചോദിച്ചു. എന്താണ് സൗജന്യമെന്ന് നിര്‍വചിക്കണം. പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാര്‍ഗത്തിലാണോ എന്നു പരിശോധിക്കണം. വിശദമായ ചര്‍ച്ചയും സംവാദവും നടക്കണമെന്ന് ചീഫ് ജസ്റ്റിസ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
◼️പാലക്കാട്ടെ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാനെ കൊലപ്പെടുത്തിയതിനു പിന്നില്‍ സിപിഎമ്മില്‍ ഷാജഹാനുണ്ടായ വളര്‍ച്ചയിലെ അതൃപ്തിയാണെന്നു പോലീസ്. പ്രതികള്‍ക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ നവീന്‍ രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നു. രാഖി ഷാജഹാന്‍ പൊട്ടിച്ചതും വിരോധം കൂട്ടി. എന്നാല്‍ രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാന്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
◼️
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◼️കൊച്ചിയിലെ ഫ്ളാറ്റ് കൊലപാതക കേസിലെ പ്രതിയെന്നു സംശയിക്കുന്ന അര്‍ഷാദ് പിടിയില്‍. കര്‍ണാടകത്തിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോഡ് വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. അര്‍ഷാദ് സ്ഥലംവിടാന്‍ ഉപയോഗിച്ച അംജതിന്റെ സ്‌കൂട്ടര്‍ പോലീസ് കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട സജീവ് കൃഷ്ണയ്ക്കൊപ്പം ഫ്ളാറ്റില്‍ താമസിച്ചിരുന്നത് അഞ്ചു പേരാണ്. മൂന്നു പേര്‍ കൊടൈക്കെനാലിലേക്കു വിനോദയാത്ര പോയി. ഇവര്‍ സജീവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സജീവെന്ന വ്യാജേനെ ചാറ്റു ചെയ്തത് അര്‍ഷാദായിരുന്നു. ഫ്ളാറ്റിലേക്കു വരേണ്ടെന്നാണ് സജീവിന്റെ ഫോണിലൂടെ അര്‍ഷാദ് പറഞ്ഞത്. എന്നാല്‍ ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്തില്ല. സംശയം തോന്നിയ സുഹൃത്തുക്കള്‍ ഫ്ളാറ്റിലെ കെയര്‍ ടേക്കറെ വിട്ട് അന്വേഷിപ്പിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
◼️ചിങ്ങപ്പുലരിയില്‍ കര്‍ഷകദിനം ആഘോഷിച്ച് കേരളം. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന മുദ്രാവാക്യവുമായി ഒരു ലക്ഷം കൃഷിയിടങ്ങള്‍ക്ക് ഇന്ന് തുടക്കമിടുമെന്നാണ് പ്രഖ്യാപനം. എല്ലാ ചടങ്ങുകളും മൊബൈലില്‍ ചിത്രീകരിച്ച് വാട്സാപ് ഗ്രൂപ്പുകളിലൂടേയും യൂ ട്യൂബ് ചാനലിലൂടേയും അപ്ലോഡ് ചെയ്യണമെന്നുമാണ് കൃഷി ഓഫീസര്‍മാര്‍ക്കു നല്‍കിയ നിര്‍ദേശം.
◼️ബഫര്‍ സോണ്‍ വിഷയത്തില്‍ കരിദിനവുമായി കര്‍ഷക സംഘടനകള്‍. വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് കരിദിനം ആചരിക്കുന്നത്. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ 61 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് കരിദിനം. ജില്ലാ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ബഫര്‍ സോണ്‍ മേഖലകളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◼️വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം ഉണ്ടാകുന്ന തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയര്‍ത്തി മല്‍സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം രണ്ടാം ദിവസത്തേക്കു കടന്നു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പൂവാര്‍, പുതിയതുറ ഇടവകകളാണ് ഇന്ന് മുല്ലൂരിലെ രാപ്പകല്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നത്. 31 ാം തീയതി വരെ സമരം തുടരും. തിങ്കളാഴ്ച കരമാര്‍ഗ്ഗവും കടല്‍മര്‍ഗവും തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.
◼️കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ തെരഞ്ഞെടുത്ത് അഭിമുഖത്തിലെ മികവു പരിഗണച്ചാണെന്നും നിയമന ഉത്തരവ് രണ്ടു ദിവസത്തിനകമെന്നും വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂര്‍ത്തിയാകുന്നതോടെ നിയമന ഉത്തരവ് നല്‍കുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.
◼️
◼️ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ വരെ അപേക്ഷിക്കാം.
◼️ചളിയും മണ്ണും മാറ്റാതെയാണ് ടാറും മെറ്റലുമിട്ട് റോഡുകളിലെ കുഴികള്‍ അടച്ചതെന്ന് റിപ്പോര്‍ട്ട്. ആറു മാസത്തിനകം പണിത പിഡബ്ള്യൂഡി റോഡുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണു നിര്‍ണായക കണ്ടെത്തല്‍. ഓപ്പറേഷന്‍ സരള്‍ റാസ്ത എന്ന പേരിലായിരുന്ന വിജിലന്‍സ് പരിശോധന.
◼️കിഫ്ബിക്ക് എതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ് റദ്ദാക്കണമെനാവശ്യപ്പെട്ടുള്ള മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഇ.ഡി കൂടുതല്‍ സാവകാശം തേടി. ഇതേതുടര്‍ന്ന് കേസ് സെപ്റ്റംബര്‍ രണ്ടിലേക്കു മാറ്റി. അന്നുവരെ നടപടികള്‍ ഉണ്ടാകില്ലെന്ന ഇഡിയുടെ മറുപടി ഹൈക്കോടതി രേഖപ്പെടുത്തി.
◼️വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് വോട്ടു ചെയ്യാന്‍ അവസരം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ട മറ്റു ഹര്‍ജികള്‍കള്‍ക്കൊപ്പം ഈ ഹര്‍ജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേരള പ്രവാസി അസോസിയേഷന്റെ ഹര്‍ജിയില്‍ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചു.
◼️സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളുണ്ട്. പപ്പടവും ശര്‍ക്കരയും ഇല്ല. പകരം മില്‍മ നെയ്യും ക്യാഷു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പുമുണ്ട്.
◼️തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പഞ്ചായത്ത് മെമ്പര്‍ അടക്കം സിപിഎം പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയന്‍, പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി സുനില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
◼️ചിങ്ങപ്പുലരിയില്‍ ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും നടന്നു. സ്വര്‍ണ്ണ കുടത്തിലെ നെയ്യഭിഷേകത്തിനുശേഷം തന്ത്രി കണ്ഠരര് രാജീവര് ഭക്തര്‍ക്ക് അഭിഷേകതീര്‍ത്ഥവും ഇലപ്രസാദവും വിതരണം ചെയ്തു. ലക്ഷാര്‍ച്ചനയും നടന്നു.
◼️ശബരിമല കീഴ്ശാന്തിയായി വി.എന്‍. ശ്രീകാന്ത് തെരഞ്ഞെടുക്കപ്പെട്ടു. നാരായണമംഗലം ദേവസ്വത്തിലെ ശാന്തിയാണ് . ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശിന്റെ മേല്‍നോട്ടത്തിലായിരുന്നു നറുക്കെടുപ്പ്.
◼️വാഹന അപകടങ്ങളിലെ ആഘാതം കുറയ്ക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത മലയാളിയായ വനിതാ ദന്തല്‍ ഡോക്ടര്‍ ധന്യ കളരിക്കലിനു യു.കെ പേറ്റന്റ്. വാഹന അപകടങ്ങളില്‍ പെടുന്നവരുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കാനും പരിക്കുകള്‍ കുറയ്ക്കാനും സഹായിക്കുന്ന വിദ്യക്ക് ഇന്ത്യ ഗവണ്മെന്റിന്റെ പേറ്റന്റ് നേരത്തേ ലഭിച്ചിരുന്നു. എം.ഡി.എസ് ബിരുദധാരിയായ ഡോ: ആര്‍.എസ്. ധന്യ തൃശൂര്‍ അക്കിക്കാവ് പി.എസ്.എം ദന്തല്‍ കോളജില്‍ അധ്യാപികയാണ്. തൃശൂര്‍ ചാവക്കാട് സ്വദേശിനിയാണ്.
◼️വടകര സ്വദേശി സജീവന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി. പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി പറഞ്ഞത്.
◼️പാലക്കാട് കിഴക്കഞ്ചേരിയില്‍ നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരാള്‍ മരിച്ചു. ഒലിപ്പാറ കമ്പനാല്‍ രാജപ്പന്‍ ആണ് മരിച്ചത്. ഭാര്യയും രണ്ട് മക്കളും പാലക്കാട് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.
◼️രാജ്യവ്യാപകമായ കര്‍ഷകസമരം അവസാനിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത വിളകളുടെ താങ്ങുവില കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെന്ന് ആരോപിച്ച് കര്‍ഷകര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. താങ്ങുവില പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയോട് പ്രധാനപ്പെട്ട കര്‍ഷക സംഘടനകള്‍ അവിശ്വാസം പ്രകടിപ്പിച്ചു.
◼️മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് 50 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. സിഗ്നലിലെ പിഴവാണ് അപകടകാരണം.
◼️അണ്ണാ ഡിഎംകെയിലെ മുന്‍മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ കോര്‍ഡിനേറ്ററമായിരുന്ന ഒ. പനീര്‍സെല്‍വത്തെ പുറത്താക്കിയ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. എടപ്പാടി പളനിസ്വാമിയെ ജനറല്‍ സെക്രട്ടറിയായി അവരോധിച്ചതടക്കം ജൂലൈ 11 നു വാനഗരത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എടുത്ത എല്ലാ തീരുമാനങ്ങളും കോടതി റദ്ദാക്കിയിട്ടുണ്ട്.
◼️ജമ്മു കാഷ്മീര്‍ കോണ്‍ഗ്രസില്‍ പുനസംഘടനയില്‍ പ്രതിഷേധിച്ച് രാജിഭീഷണി. രണ്ടു സമിതികളിലെ ഭാരവാഹിത്വം ഗുലാംനബി ആസാദ് ഉപേക്ഷിച്ചു. കൂട്ടരാജിയുണ്ടാകുമെന്നാണ് ഒരു വിഭാഗം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4790 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,955 രൂപയാണ്.
◼️ലോകത്തിനുതന്നെ ആകെ ആശങ്കയായി മുന്‍മാസങ്ങളില്‍ 40 വര്‍ഷത്തെ ഉയരത്തിലെത്തിയ അമേരിക്കയുടെ ഉപഭോക്തൃ നാണയപ്പെരുപ്പം ജൂലായില്‍ പ്രതീക്ഷയുടെ വെളിച്ചവുമായി താഴേക്കിറങ്ങി. ജൂണിലെ 9.1 ശതമാനത്തില്‍ നിന്ന് ജൂലായില്‍ 8.5 ശതമാനമായാണ് നാണയപ്പെരുപ്പം കുറഞ്ഞത്. ഇന്ധനവില (ഗ്യാസ്) ഗാലോണിന് ജൂണിലെ അഞ്ചുഡോളറില്‍ നിന്ന് ജൂലായില്‍ നാലുഡോളറായതാണ് നാണയപ്പെരുപ്പം താഴാന്‍ മുഖ്യകാരണം. അതേസമയം, നാണയപ്പെരുപ്പം പിടിച്ചുനിറുത്താന്‍ തുടര്‍ച്ചയായി പലിശനിരക്ക് കൂട്ടുന്ന നടപടിയില്‍ നിന്ന് കേന്ദ്രബാങ്കായ ഫെഡറല്‍ ബാങ്ക് പിന്നോട്ടില്ലെന്നാണ് സൂചനകള്‍. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കഴിഞ്ഞമാസം 10.9 ശതമാനമാണ്. 1979ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനയാണിത്. ഹോട്ടല്‍ വാടക, ചികിത്സാച്ചെലവ്, വാഹനവില, വാഹന ഇന്‍ഷ്വറന്‍സ്, വൈദ്യുതി എന്നിവയുടെ നിരക്കും ഉയര്‍ന്നിട്ടുണ്ട്.
◼️മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് പത്തൊമ്പതാം നൂറ്റാണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പിരീഡ് ഡ്രാമ സംവിധാനം ചെയ്യുന്നത് വിനയന്‍ ആണ്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ചിത്രത്തില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സിജു വില്‍സണ്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്റെ വലുപ്പവും പിന്നിലുള്ള അധ്വാനവും ബോധ്യപ്പെടുത്തുന്നതാണ് പുറത്തെത്തിയിരിക്കുന്ന വീഡിയോ. തിരുവോണ നാളായ സെപ്റ്റംബര്‍ 8 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലുമായാണ്.
◼️മലയാളികളുടെ പ്രിയ താരം അനുപമ പരമേശ്വരന്‍ നായികയായി എത്തിയ തെലുങ്ക് ചിത്രമാണ് ‘കാര്‍ത്തികേയ 2’. നിഖില്‍ സിദ്ധാര്‍ഥ് ആണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 15 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം മൂന്ന് ദിവസം കൊണ്ട് 26.50 കോടിയാണ് നേടിയിരിക്കുന്നത്. ‘കാര്‍ത്തികേയ 2’വിന്റെ ഹിന്ദി ഡബ്ബ് പതിപ്പും പുറത്തിറക്കിയിരുന്നു. 53 ഹിന്ദി ഷോകളായിരുന്നു തുടക്കത്തില്‍ എങ്കില്‍ ഇപ്പോഴത് 1575 ഷോകളായി വര്‍ദ്ധിച്ചിരിക്കുകയാണ്. ‘കാര്‍ത്തികേയ 2’ സംവിധാനം ചെയ്തത് ചന്തുവാണ്. കാല ഭൈരവയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ‘കാര്‍ത്തികേയ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. ‘ദേവസേന’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ എത്തിയത്.
◼️ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹയുടെ പുതിയ പാന്‍-ഇന്ത്യ ബ്രാന്‍ഡ് കാമ്പെയ്ന്‍ ആരംഭിച്ചു. ‘ദ കോള്‍ ഓഫ് ദ ബ്ലൂ’ 3.0 എന്ന ഈ ക്യാപെയിന്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന സ്‌പോര്‍ടി, ആവേശം, സ്‌റ്റൈലിഷ് അനുഭവങ്ങള്‍ എടുത്തുകാട്ടുന്നു. ആവേശം, ശൈലി, കായികക്ഷമത’ എന്ന ബ്രാന്‍ഡിന്റെ ആഗോള പ്രതിച്ഛായയ്‌ക്കൊപ്പം ഉല്‍പ്പന്ന ആസൂത്രണം, വിപണനം, ഉപഭോക്തൃ ഇടപെടല്‍ തന്ത്രങ്ങള്‍ എന്നിവയ്ക്ക് സമാന്തരമായി യമഹയുടെ പുതിയ കാമ്പെയ്ന്‍ ആണിത്. യമഹയുടെ ഉല്‍പ്പന്നങ്ങളിലൂടെയും അനുബന്ധ അനുഭവങ്ങളിലൂടെയും യമഹ റേസിംഗിന്റെ ആവേശം വര്‍ധിപ്പിച്ച് ബ്രാന്‍ഡിന്റെ പ്രത്യേകത പ്രകടിപ്പിക്കാനാണ് യമഹ ലക്ഷ്യമിടുന്നത്. പ്രീമിയം വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എട്ട് പുതിയ ആഗോള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയതിനാല്‍ യമഹയുടെ വിപണി വിഹിതം 2018 ല്‍ 10 ശതമാനത്തില്‍ നിന്ന് 2021 ല്‍ 15 ശതമാനമായി വളരാന്‍ കാരണമായി.
◼️സത്യത്തിന്റെ മാര്‍ഗത്തില്‍ പദമുറച്ചു മുന്നേറുവാനും, അപരിചിതരെ വിശ്വസിക്കുന്നതിനുമുമ്പ് രണ്ടുതവണ ആലോചിക്കുവാനും കുട്ടികളെ പ്രേരിപ്പിക്കുന്ന രചന. ഒരു മിഠായിപ്പൊതിയിലേതുപോലെ, ആസ്വാദ്യമായ രുചിഭേദങ്ങളോടെയുള്ള നിരവധി ബാലസാഹിത്യകൃതികള്‍ കൈരളിക്കു കൈനീട്ടംനല്കിയ സുമംഗലയാണ് രചയിതാവ്. ‘കളവിന്റെ വേദന’. എച്ചആന്‍ഡ്സി ബുക്സ്. വില 50 രൂപ.
◼️കുരങ്ങുപനി ബാധിച്ചവര്‍ വീട്ടിലെ വളര്‍ത്തുമൃഗങ്ങളുമായി അടുത്തിടപഴകരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മൃഗങ്ങള്‍ക്ക് വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. രോഗലക്ഷണമുള്ള ഒരു വ്യക്തിയുമായി അടുത്തിടപഴകിയ വളര്‍ത്തുമൃഗങ്ങളെ 21 ദിവസത്തേക്ക് വീട്ടില്‍ നിന്നും മറ്റ് മൃഗങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും അകറ്റി നിര്‍ത്തണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ആഴ്ച ഒരു ഇറ്റാലിയന്‍ ഗ്രേഹൗണ്ടിന് വൈറസ് ബാധയുണ്ടായി എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇക്കാര്യം വീണ്ടും ശ്രദ്ധനേടുന്നത്. മൃഗത്തോടൊപ്പമാണ് ഉറങ്ങുന്നത് എന്നുപറഞ്ഞ ദമ്പതികളുടെ വളര്‍ത്തുനായക്കാണ് വൈറസ് സ്ഥിരീകരിച്ചത്. എലികളിലും മറ്റ് വന്യമൃഗങ്ങളിലും കുരങ്ങുപനി അണുബാധ കണ്ടെത്തിയിട്ടുണ്ട്, ഇത് മനുഷ്യരിലേക്കും വൈറസ് പടര്‍ത്തും. എന്നാല്‍ നായ, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളില്‍ കുരങ്ങുപനി ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.41, പൗണ്ട് – 96.05, യൂറോ – 80.64, സ്വിസ് ഫ്രാങ്ക് – 83.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.43, ബഹറിന്‍ ദിനാര്‍ – 210.66, കുവൈത്ത് ദിനാര്‍ -258.72, ഒമാനി റിയാല്‍ – 206.26, സൗദി റിയാല്‍ – 21.15, യു.എ.ഇ ദിര്‍ഹം – 21.62, ഖത്തര്‍ റിയാല്‍ – 21.81, കനേഡിയന്‍ ഡോളര്‍ – 61.68.