web cover 11

◼️മഴയുടെ ശക്തി കുറഞ്ഞു, എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നിവയടക്കം 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. 12 ഇടങ്ങളില്‍ ഉരുള്‍പൊട്ടി. മലയോര മേഖലയില്‍ മലവെള്ളപ്പാച്ചിലില്‍ കനത്ത നാശം. വയനാട്ടിലേക്കുള്ള നെടുംപൊയില്‍ ചുരം റോഡില്‍ ഗതാഗതതടസം. 166 ദുരിതാശ്വാസ ക്യാമ്പുകളിലായി 4,639 പേരെ മാറ്റിപാര്‍പ്പിച്ചു.

◼️അരക്കോടിയിലേറെ രൂപ വീതവുമായി ഝാര്‍ഖണ്ഡിലെ മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ അറസ്റ്റിലായ കേസിലെ പ്രതിയുടെ ഡല്‍ഹിയിലെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ ബംഗാള്‍ പൊലീസിനെ ഡല്‍ഹി പൊലീസ് തടഞ്ഞു. കോടതിയുടെ വാറണ്ട് ഉണ്ടായിട്ടും കേന്ദ്ര സര്‍ക്കാരിന്റെ പൊലീസ് പരിശോധന അനുവദിച്ചില്ലെന്ന് ബംഗാള്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം. ഝാര്‍ഖണ്ഡിലെ ഭരണം പിടിച്ചെടുക്കാന്‍ ബിജെപി വിലക്കെടുത്തെന്ന് ആരോപിച്ച് മൂന്ന് എംഎല്‍എമാരെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.

◼️കെഎസ്ആര്‍ടിസിയില്‍ ഇന്ധന പ്രതിസന്ധിമൂലം ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചു. വടക്കന്‍ ജില്ലകളിലാണ് ഡീസല്‍ ക്ഷാമം. ആവശ്യത്തിന് ഡീസല്‍ സ്റ്റോക്ക് എത്തിക്കാത്തത് മാനേജ്മെന്റിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷ യൂണിയനുകള്‍ ആരോപിച്ചു.

KSFE GOLD LOAN
മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് KSFE നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com

◼️മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വലിയ കുഴി. പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍മാര്‍ പരിശോധന നടത്തി. ഗതാഗതം കോതമംഗലം വഴി തിരിച്ചുവിട്ടു. 1978 ലാണ് പാലവും അപ്രോച്ച് റോഡും നിര്‍മ്മിച്ചത്.

◼️ആറു ഡാമുകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കിയിലെ പൊന്മുടി, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, കുണ്ടള, ഇരട്ടയാര്‍ അണക്കെട്ടുകളിലും പത്തനംതിട്ടയിലെ മൂളിയാര്‍ അണക്കെട്ടിലുമാണ് റെഡ് അലര്‍ട്ട്. പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ റെഡ് അലര്‍ട്ട് യെല്ലോ അലര്‍ട്ടാക്കിയെന്ന് കെഎസ് ഇബി.

◼️വെള്ളം കയറിയ സ്ഥലങ്ങളിലും ഉരുള്‍പൊട്ടല്‍ അടക്കമുള്ള ദുരന്തമേഖലകളിലും കാഴ്ച കാണാന്‍ ആരും വരരുതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. സന്ദര്‍ശകരുടെ വരവ് രക്ഷാപ്രവര്‍ത്തനത്തിനു തടസമുണ്ടാക്കും. രക്ഷാപ്രവര്‍ത്തനത്തിനാണു പ്രാധാന്യം. സന്ദര്‍ശകരെ തടയണമെന്ന് പൊലീസിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

◼️തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളില്‍ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയം. ഈ പശ്ചാത്തലത്തിലാണ് ഒരു ടോള്‍ പ്ലാസ അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ വ്യക്തമാക്കി.

ജോയ്ആലുക്കാസ് വിശേഷങ്ങള്‍
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖

◼️ബസുകളിലെ പ്രഷര്‍ ഹോണുകള്‍ ഉടനേ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. കൊച്ചി നഗരത്തിലെ പാര്‍ക്കിംഗ്, റോഡ് സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.

◼️സംസ്ഥാനത്ത് കുടുംബശ്രീ 50 ലക്ഷം ത്രിവര്‍ണ പതാകകള്‍ നിര്‍മിക്കുന്നു. 700 തയ്യല്‍ യൂണിറ്റുകളിലായി നാലായിരത്തോളം പേര്‍ പതാക നിര്‍മാണത്തില്‍ പങ്കാളികളാകുമെന്ന് കുടുംബശ്രീ വ്യക്തമാക്കി. പ്രതിദിനം മൂന്ന് ലക്ഷം പതാകകളാകും ഇത്തരത്തില്‍ കുടുംബശ്രീ നിര്‍മിക്കുക.

◼️പ്രതിഷേധിക്കാന്‍ കരിങ്കൊടി കാണിക്കുന്നവരെ അറസ്റ്റു ചെയ്ത് ജയിലിലടക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. കലൂരില്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത വേഷമണിഞ്ഞ് എത്തിയ രണ്ടു ട്രാന്‍സ്ജെന്‍ഡറുകളെ അറസ്റ്റു ചെയ്ത പാലാരിവട്ടം പോലീസിന്റെ നടപടി ചോദ്യം ചെയ്ത ഹര്‍ജിയിലാണ് നടപടി.

◼️തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്ന കേസിന്റെ തുടര്‍ നടപടികള്‍ ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഉത്തരവ്.

◼️ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച സ്വര്‍ണ്ണപ്പാളികള്‍ ഉറപ്പിച്ച സ്വര്‍ണ്ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചതിനാലാണെന്നു കണ്ടെത്തി. മേല്‍ക്കൂരയിലെ സ്വര്‍ണ്ണ പാളികളുടെ ആണികള്‍ മുഴുവന്‍ മാറ്റും. സ്വര്‍ണ്ണപ്പാളികളിലെ വിടവ് വഴിയുള്ള ചോര്‍ച്ച തടയാന്‍ പശ ഉപയോഗിക്കും. ഈ മാസം 22 ന് പ്രവര്‍ത്തികള്‍ തുടങ്ങും. ഓണത്തിനു നട തുറക്കുന്നതിനു മുമ്പേ ജോലികള്‍ പൂര്‍ത്തിയാക്കും.

◼️അട്ടപ്പാടി മധു കൊലക്കേസില്‍ ഇരുപത്തിയൊന്നാം സാക്ഷി വീരന്‍ കൂറുമാറി. കേസില്‍ കൂറുമാറിയവരുടെ എണ്ണം പതിനൊന്നായി. രഹസ്യമൊഴി നല്‍കിയ ഏഴുപേര്‍ കോടതിയില്‍ മൊഴി മാറ്റിയിരുന്നു.

◼️ലൈംഗിക പീഡനക്കേസില്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രനെ വെള്ളിയാഴ്ച വരെ അറസ്റ്റു ചെയ്യരുതെന്ന് കോടതി. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ പീഡനക്കേസിലാണ് ഉത്തരവ്. ആക്ടിവിസ്റ്റ് കൂടിയായ യുവഎഴുത്തുകാരിയാണ് പരാതിക്കാരി.

◼️പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചു. പീഡനക്കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതെന്നും കേസില്‍ കൂട്ടുപ്രതി ആക്കുമെന്ന ക്രൈംബ്രാഞ്ചിന്റെ ഭീഷണിയെത്തുടര്‍ന്നാണ് പീഡന കേസില്‍ യുവതി തനിക്കെതിരെ മൊഴി നല്‍കിയതെന്നും മോന്‍സന്‍ അപേക്ഷയില്‍ പറഞ്ഞു. ജാമ്യാപേക്ഷയ്‌ക്കൊപ്പം ജീവക്കാരിയുടെ കോടതിയിലെ മൊഴിയും ഐ പാഡിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടും ഹാജരാക്കി.

◼️ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി വി.ആര്‍. കൃഷ്ണതേജ ചുമതലയേറ്റു. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയാണ് കൃഷ്ണ തേജയെ ആലപ്പുഴയില്‍ നിയമിച്ചത്.

◼️വയനാട്ടില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി പിടിയില്‍. മേപ്പാടി നെല്ലിമുണ്ട പാറമ്മല്‍ വീട്ടില്‍ പി. റഹീനയെ (27)യാണ് അഞ്ചര ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്.

◼️ജെഇഇ മെയിന്‍ സെഷന്‍ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.

◼️നടന്‍ ലാലു അലക്സിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു. 88 വയസായിരുന്നു. പരേതനായ വേളയില്‍ വി ഇ ചാണ്ടിയുടെ പത്നിയാണ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്.

◼️ബംഗ്ലൂരുവിലെ ഫ്ളാറ്റില്‍ പെയിന്റു ചെയ്തതിനൊപ്പം പ്രയോഗിച്ച കീടനാശിനി ശ്വസിച്ച് മലയാളി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഫ്ളാറ്റ് ഉടമയെ അറസ്റ്റു ചെയ്തു. ബെംഗ്ലൂരു സ്വദേശി ശിവപ്രസാദിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ ഫ്ലാറ്റിലായിരുന്നു മരിച്ച എട്ടുവയസുകാരി അഹാനയുടെ കുടുംബം താമസിച്ചിരുന്നത്. വസന്തനഗറിലെ ഫ്ളാറ്റില്‍ വാടകക്കാരായിരുന്ന കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളും ഐടി ജീവനക്കാരനുമായ വിനോദിന്റെ മകളാണു മരിച്ചത്.

◼️ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 16 ാം വാര്‍ഷികത്തോടനുബന്ധിച്ച് നിസാര നിരക്കില്‍ പറക്കാനുള്ള ഓഫറുകള്‍. വെറും 1,616 രൂപയ്ക്കു പറക്കാം. ‘സ്വീറ്റ് 16’ എന്ന പേരിലുള്ള സൗജന്യനിരക്കിലുള്ള യാത്രയ്ക്ക് ഓഗസ്റ്റ് മൂന്നു മുതല്‍ ഓഗസ്റ്റ് 5 വരെ ബുക്കു ചെയ്യാം. ഓഗസ്റ്റ് 18 നും 2023 ജൂലൈ 16 നും ഇടയിലുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകം.

◼️സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി എംപിമാര്‍ പാര്‍ലമെന്റിലേക്കു റാലി നടത്തി. ചെങ്കോട്ട മുതല്‍ പാര്‍ലമെന്റ് വരെ ത്രിവര്‍ണ പതാക വഹിച്ചായായിരുന്നു യാത്ര. പ്രതിപക്ഷ എംപിമാര്‍ പങ്കെടുത്തില്ല.

◼️കര്‍ണാടകത്തിലെ ദക്ഷിണ കന്നഡയിലും ഉത്തര കന്നഡയിലുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ടു കുട്ടികളടക്കം ആറു പേര്‍ മരിച്ചു. ചിക്കമംഗ്ലൂരുവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായി. ദക്ഷിണ കന്നഡയില്‍ വെള്ളിയാഴ്ച വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്ക് രണ്ടു ദിവസത്തേക്ക് അവധി നല്‍കി.

◼️കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ 75 ാം പിറന്നാളാഘോഷംമൂലം ബംഗളൂരു- പൂനെ ദേശീയപാതയില്‍ ആറു കിലോമീറ്റര്‍ ഗതാഗതം തടസപ്പെട്ടു. സിദ്ധരാമോത്സവം എന്ന പേരില്‍ ദാവണഗെരെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഡി.കെ ശിവകുമാര്‍ കേയ്ക്ക് മുറിച്ചു നല്‍കി. പത്തു ലക്ഷത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തെന്നാണു റിപ്പോര്‍ട്ട്.

◼️തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെ ആര്‍ രാജ്ഗോപാല്‍ റെഡ്ഢി ബിജെപിയിലേക്ക്. കോടീശ്വരനായ രാജ്ഗോപാല്‍ റെഡ്ഡി കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു. അമിത് ഷായുമായി റെഡ്ഢി കൂടിക്കാഴ്ച നടത്തിയിരുന്നു.

◼️അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തിനെതിരേ ചൈനയിലെ അമേരിക്കന്‍ അംബാസിഡറെ ചൈന വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. സന്ദര്‍ശനം പ്രകോപനപരമാണെന്നും വെറുതെയിരിക്കില്ലെന്നും ചൈനീസ് വിദേശകാര്യസഹമന്ത്രി സി ഫെങ് തുറന്നടിച്ചു. പെലോസിയും സംഘവും തായ്‌വാനീസ് പ്രസിഡന്റുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

◼️അണ്ടര്‍ 20 ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ 4X400 മീറ്റര്‍ മിക്‌സ്ഡ് റിലേയില്‍ വെള്ളി നേടി ടീം ഇന്ത്യ. ഭരത് ശ്രീധര്‍, പ്രിയ മോഹന്‍, കപില്‍, രുപല്‍ ചൗധരി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തി വെള്ളി നേടിയത്. മൂന്ന് മിനുറ്റ് 17.76 സെക്കന്‍ഡിലാണ് ഇന്ത്യന്‍ സംഘം 4×400 മീറ്റര്‍ ഫിനിഷ് ചെയ്തത്. ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡ് തിരുത്തി അമേരിക്ക സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ജമൈക്കക്ക് വെങ്കലം ലഭിച്ചു. കഴിഞ്ഞ വര്‍ഷം നെയ്റോബിയില്‍ നടന്ന മീറ്റില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.

◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ 200 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 25 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 20 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4715 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. വെള്ളിയാഴ്ച 10 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3895 രൂപയാണ്.

◼️പ്രതികൂല സാമ്പത്തിക കാലാവസ്ഥയിലും തളരാതെ ഇന്ത്യയുടെ മുഖ്യ വ്യവസായമേഖല ജൂണില്‍ കാഴ്ചവച്ചത് 12.7 ശതമാനം വളര്‍ച്ച. ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചികയില്‍ (ഐ.ഐ.പി) 40 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായമേഖല ഏപ്രില്‍-ജൂണില്‍ 13.7 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്. മേയില്‍ വളര്‍ച്ച 19.3 ശതമാനമായിരുന്നു. 2021 ജൂണിനെ അപേക്ഷിച്ച് കല്‍ക്കരി ഉത്പാദനം ഇക്കുറി ജൂണില്‍ 31.1 ശതമാനം വളര്‍ന്നു. ക്രൂഡോയില്‍ 1.7 ശതമാനം, പ്രകൃതിവാതകം 1.2 ശതമാനം, റിഫൈനറി ഉത്പന്നങ്ങള്‍ 15.1 ശതമാനം, വളം 8.2 ശതമാനം, സ്റ്റീല്‍ 3.3 ശതമാനം, സിമന്റ് 19.4 ശതമാനം, വൈദ്യുതി 15.5 ശതമാനം എന്നിങ്ങനെയും വളര്‍ന്നു.

◼️നടന്‍ അനുപം ഖേര്‍ വീണ്ടും തെലുങ്കിലേക്ക് ചുവടുവെക്കുന്നു. രവി തേജ നായകനാകുന്ന ‘ടൈഗര്‍ നാഗേശ്വര റാവു’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും തെലുങ്കിലേക്കെത്തുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യംഅറിയിച്ചത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാളാണ് ചിത്രം നിര്‍മ്മിക്കുന്നത്. വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന രവി തേജയുടെ ആദ്യ പാന്‍ ഇന്ത്യന്‍ സിനിമയായ ടൈഗര്‍ നാഗേശ്വര റാവുവിന്റെ ചിത്രീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ടൈഗര്‍ നാഗേശ്വര റാവു എന്ന കുപ്രസിദ്ധ കള്ളന്റെ ജീവിതം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തില്‍ എഴുപതുകളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. നൂപൂര്‍ സനോന്‍, ഗായത്രി ഭരദ്വാജ് എന്നിവരാണ് രവി തേജയ്ക്കൊപ്പം നായികമാരായി എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

◼️ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന തെലുങ്ക് ചിത്രം സീതാ രാമത്തിലെ ഗാനം പുറത്തിറങ്ങി. ഓ പ്രേമാ എന്നാരംഭിക്കുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. കൃഷ്ണകാന്ത് വരികള്‍ എഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് വിശാല്‍ ചന്ദ്രശേഖര്‍ ആണ്. കപില്‍ കപിലനും ചിന്മയി ശ്രീപാദയും ചേര്‍ന്നാണ് ഗാനമാലാപിച്ചിരിക്കുന്നത്. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും പ്രദര്‍ശനത്തിന് എത്തുന്ന ചിത്രമാണിത്. ഈ മൂന്ന് ഭാഷകളിലും പുതിയ ഗാനം പുറത്തിറക്കിയിട്ടുണ്ട്. തിരികേ വാ എന്നാണ് മലയാള ഗാനത്തിന്റെ തുടക്കം. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ ഇതിവൃത്തനെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

◼️ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ഏതര്‍ എനര്‍ജി 2022 ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി. കഴിഞ്ഞ മാസം ഇന്ത്യയില്‍ 2,389 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 ജൂലൈയില്‍ 24 ശതമാനം വളര്‍ച്ചയാണ് ഏതര്‍ രേഖപ്പെടുത്തിയത്. 1,926 യൂണിറ്റായിരുന്നു 2021 ജൂലൈ മാസത്തിലെ വില്‍പ്പന. അതേസമയം മാസ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ കണക്കുകള്‍ താരതമ്യപ്പെടുത്തുമ്പോള്‍, 2022 ജൂണിലെ കണക്കനുസരിച്ച് ഏതറിന്റെ വില്‍പ്പന 26 ശതമാനം കുറഞ്ഞു. ജൂണ്‍ മാസത്തില്‍ കമ്പനി 3,231 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റിരുന്നു.

◼️കഥകളിയുടെയും സംഗീതത്തിന്റെയും പശ്ചാത്തലത്തില്‍ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറഞ്ഞ സിനിമയുടെ തിരക്കഥ. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം. ടി.വാസുദേവന്‍ നായരുടെ വ്യതസ്തമായ തിരക്കഥ ആദ്യമായി പുസ്തകരൂപത്തില്‍. ‘രംഗം’. എം ടി വാസുദേവന്‍ നായര്‍. മാതൃഭൂമി ബുക്സ്. വില 190 രൂപ.

◼️തിരിച്ചുപിടിക്കാന്‍ കഴിയാത്ത രീതിയില്‍ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കാനും അതുവഴി പലതരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കാനും കൊവിഡിന് സാധിക്കുമെന്ന് പഠനം. കൊവിഡ് 19 രോഗം എങ്ങനെയാണ് ഭാവിയില്‍ തലച്ചോറിനെ ബാധിക്കുകയെന്നാണ് ഈ പഠനം വിശദീകരിക്കുന്നത്. യുഎസിലെ ‘ഹൂസ്റ്റണ്‍ മെത്തേഡിസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്’ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ‘ഏജിംഗ് റിസര്‍ച്ച് റിവ്യൂസ്’ എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇത് വന്നിരിക്കുന്നത്. പ്രായമായവരിലും ആരോഗ്യപരമായി പിന്നാക്കം നില്‍ക്കുന്നവരിലുമാണ് ഈ അപകടസാധ്യത കൂടുതലും കാണുന്നതത്രേ. കൊവിഡ് വന്ന് ഭേദമായ ശേഷവും ‘ബ്രെയിന്‍ ഫോഗ്’ നേരിടുന്നത് ഇതിന് തെളിവാണെന്നും ഗവേഷകര്‍ പറയുന്നു. കൊവിഡ് ബാധയ്ക്ക് ശേഷം മറവി, കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ അവ്യക്തത തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്ന അവസ്ഥയാണ് ‘ബ്രെയിന്‍ ഫോഗ്’. ഇത്തരത്തില്‍ കൊവിഡ് തലച്ചോറിനെ ബാധിക്കുന്നത് അല്‍ഷിമേഴ്സ് രോഗത്തോടോ പാര്‍ക്കിന്‍സണ്‍സ് രോഗത്തോടോ ഒക്കെ സാമ്യതപ്പെടുത്താവുന്ന രീതിയിലാണെന്നും പഠനം വ്യക്തമാക്കുന്നു. നേരത്തെ തന്നെ പല ബ്രെയിന്‍ ഇമേജിംഗ് പഠനങ്ങളും കൊവിഡ് രോഗികളുടെ തലച്ചോറില്‍ ആഴത്തിലായി ചെറിയ രക്തസ്രാവമുണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. ഇത് ഓര്‍മ്മശക്തിയെ അടക്കം തലച്ചോറിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ തീര്‍ച്ചയായും പ്രതികൂലമായി ബാധിക്കും. ഇതേ നിരീക്ഷണം തന്നെയാണ് ഈ പുതിയ പഠനവും പങ്കുവയ്ക്കുന്നത്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.02, പൗണ്ട് – 96.41, യൂറോ – 80.49, സ്വിസ് ഫ്രാങ്ക് – 82.51, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.78, ബഹറിന്‍ ദിനാര്‍ – 209.60, കുവൈത്ത് ദിനാര്‍ -257.63, ഒമാനി റിയാല്‍ – 205.27, സൗദി റിയാല്‍ – 21.02, യു.എ.ഇ ദിര്‍ഹം – 21.51, ഖത്തര്‍ റിയാല്‍ – 21.70, കനേഡിയന്‍ ഡോളര്‍ – 61.42

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *