ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥ പല വിധത്തിലുള്ള ശാരീരിക പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. ഒറ്റ രാത്രിയിലെ ഉറക്കമില്ലായ്മ പോലും ശരീരത്തിലെ നീര്‍ക്കെട്ട് വര്‍ധിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ താളം തെറ്റിക്കുമെന്ന് കുവൈറ്റിലെ ഡാസ്മാന്‍ ഡയബറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. നീര്‍ക്കെട്ടിനെ പല മടങ്ങ് വര്‍ധിപ്പിക്കുന്ന പ്രതിരോധ കോശങ്ങളായ നോണ്‍ ക്ലാസിക്കല്‍ മോണോസൈറ്റുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കാന്‍ ഉറക്കമില്ലായ്മ കാരണമാകുമെന്ന് ജേണല്‍ ഓഫ് ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. മെലിഞ്ഞ ആരോഗ്യവാന്മാരായ വ്യക്തികളില്‍ പോലും ഇത്തരത്തിലുള്ള നീര്‍ക്കെട്ട് ഉറക്കമില്ലായ്മയുടെ ഫലമായി ഉണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു. പ്രോ-ഇന്‍ഫ്ളമേറ്ററി, ആന്റി-ഇന്‍ഫ്ളമേറ്ററി പ്രതിരോധ പ്രതികരണങ്ങള്‍ തമ്മിലുള്ള താളം തെറ്റിക്കാന്‍ ഉറക്കക്കുറവ് കാരണമാകുമെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. 237 ആരോഗ്യവാന്മാരായ വ്യക്തികളിലാണ് പഠനം നടത്തിയത്. കൈയ്യില്‍ അണിയുന്ന ട്രാക്കറുകള്‍ ഉപയോഗിച്ച് ഇവരുടെ ഉറക്കത്തിന്റെ പാറ്റേണ്‍ അളന്നു. നിരന്തരമായ ഉറക്കമില്ലായ്മ ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഉറക്കമില്ലാത്തവരുടെ പ്രതിരോധശേഷി കുറയുന്നത് വഴി അവര്‍ക്ക് പെട്ടെന്ന് അണുബാധകള്‍ പിടിപെടാമെന്നും പ്രതിരോധകുത്തിവയ്പ്പുകളുടെ കാര്യക്ഷമത ഇവരില്‍ കുറവായിരിക്കുമെന്നും ഡോക്ടര്‍മാര്‍ അടക്കമുളളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ധാരണശേഷിയെയും മൂഡിനെയും ജീവിതനിലവാരത്തെയുമെല്ലാം ഉറക്കമില്ലായ്മ പ്രതികൂലമായി ബാധിക്കാം.