സൊമാറ്റോയുടെയും ബ്ലിങ്കിറ്റിന്റെയും മാതൃകമ്പനിയായ ഏറ്റേണലിന്റെ ഓഹരി വില 15 ശതമാനം ഉയര്‍ന്ന് 311.6 രൂപയിലെത്തി പുതിയ റെക്കോഡ് രേഖപ്പെടുത്തി. കമ്പനിക്ക് കീഴിലുള്ള ബ്ലിങ്കിറ്റിന്റെ മികച്ച ജൂണ്‍ പാദ ഫലങ്ങളാണ് നിക്ഷേപകരില്‍ ആവേശമുയര്‍ത്തിയത്. കമ്പനിയുടെ മൊത്തം ലാഭത്തില്‍ 90 ശതമാനം ഇടിവുണ്ടായെങ്കിലും ക്വിക്ക് കൊമേഴ്സ് വിഭാഗമായ ബ്ലിങ്കിറ്റിന്റെ വരുമാനത്തില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 25 കോടിയായാണ് കുറഞ്ഞത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 253 കോടി രൂപയായിരുന്നു ലാഭം. ലാഭത്തില്‍ 90 ശതമാനം ഇടിവുണ്ടായെങ്കിലും വരുമാനം 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 7,167 കോടി രൂപയായാണ് വരുമാനം ഉയര്‍ന്നത്. ഓഹരി വില ബി.എസ്.ഇയില്‍ 311.6 രൂപ പിന്നിട്ടതോടെ എറ്റേണലിന്റെ വിപണി മൂല്യം മൂന്ന് ലക്ഷം കോടി രൂപ പിന്നിട്ടു. നിഫ്റ്റി 50യിലെ വമ്പന്‍മാരായ വിപ്രോ, ടാറ്റ മോട്ടോഴ്സ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, നെസ്ലെ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ് എന്നിവയെയും മറികടന്നാണ് എറ്റേണലിന്റെ ഈ നേട്ടം. ബ്ലിങ്കിറ്റിന്റെ മികച്ച പ്രവര്‍ത്തനകണക്കുകളുടെ പശ്ചാത്തലത്തില്‍ ബ്രോക്കേറജുകള്‍ ഓഹരിയുടെ ലക്ഷ്യ വില പുതുക്കിയതും ഓഹരിക്ക് നേട്ടമായി.