സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുതിർന്ന നേതാവുംമായ ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം പറയുന്ന ജയരാജന്റെ ‘കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും’ എന്ന ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലെ ഭാഗങ്ങൾ പുറത്ത് വന്നു. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും , പാലക്കാടെ സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും പുസ്തകത്തിൽ വിമർശനമുണ്ട്. എന്നാൽ ആത്മകഥ താൻ എഴുതി തീർന്നിട്ടില്ലെന്ന് ഇപി ജയരാജൻ പ്രതികരിച്ചു.