പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഗോവന്‍ ക്ലാസിക് 350 ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. 23 ന് മോട്ടോവേഴ്‌സ് 2024ല്‍ ബൈക്ക് അവതരിപ്പിച്ചതിന് ശേഷം റോയല്‍ എന്‍ഫീല്‍ഡ് വില പ്രഖ്യാപിക്കും. 350 സിസിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ബോബര്‍ സ്റ്റൈല്‍ മോട്ടോര്‍സൈക്കിളാണിത്. ഭാരം കുറച്ച് വേഗം കൂട്ടാന്‍ സഹായിക്കുന്ന രൂപകല്‍പ്പന രീതിയാണ് ബോബര്‍ സ്റ്റൈല്‍. വളരെ ജനപ്രിയമായ ക്ലാസിക് 350 അടിസ്ഥാനമാക്കിയുള്ളതാണ് ഈ ബൈക്ക്. അതേ 349 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതില്‍ വരുന്നത്. ഏകദേശം 20 ബിഎച്ച്പിയും 27 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന എന്‍ജിന്‍ തന്നെയാണ് ഇതിന്റെ കരുത്ത്. ഫൈവ് സ്പീഡ് ഗിയര്‍ബോക്സുമായാണ് മോട്ടോര്‍സൈക്കിള്‍ വരുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഗോവന്‍ ക്ലാസിക് 350ന്റെ സ്റ്റൈലിഷ് ലുക്കായിരിക്കും ഏറ്റവും വലിയ ആകര്‍ഷണം. എക്‌സ്‌ഷോറൂം വില ഏകദേശം 2.10 ലക്ഷം രൂപയായിരിക്കാം.