ദുല്‍ഖര്‍ സല്‍മാനു നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനി അള്‍ട്രാവയലറ്റ് ഓട്ടമോട്ടീവിന്റെ ആദ്യ ബൈക്ക് എഫ് 77 വിപണിയില്‍. ഒര്‍ജിനല്‍, റെക്കോണ്‍ എന്നീ വകഭേദങ്ങളില്‍ ലഭിക്കുന്ന ബൈക്കിന്റെ വില യഥാക്രമം 3.80 ലക്ഷം രൂപയും 4.55 ലക്ഷം രൂപയുമാണ്. ഇതു കൂടാതെ എഫ് 77 ന്റെ പ്രത്യേക പതിപ്പും കമ്പനി പുറത്തിറക്കി. 77 എണ്ണം മാത്രം നിര്‍മിക്കുന്ന പ്രത്യേക പതിപ്പിന്റെ വില 5.5 ലക്ഷം രൂപയാണ്. ബൈക്കിന്റെ ബുക്കിങ് നേരത്തേ ആരംഭിച്ചിരുന്നു. ജനുവരി ആദ്യം ബൈക്ക് ഉപഭോക്താക്കള്‍ക്കു ലഭിച്ചുതുടങ്ങും. എയര്‍സ്‌ട്രൈക്, ഷാഡോ, ലേസര്‍ തുടങ്ങിയ നിറങ്ങളിലാണ് വാഹനം ലഭിക്കുക. ലേസര്‍ എല്‍ഇഡി ലാംപ്, ക്ലിപ് ഓണ്‍ ഹാന്‍ഡില്‍ബാര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ ബൈക്കിനുണ്ട്. ഒര്‍ജിനലില്‍ 7.1 സണവ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 207 കിലോമീറ്ററാണ് റേഞ്ച്. 27 കിലോ വാട്ട് കരുത്തും 85 എന്‍എം ടോര്‍ക്കും നല്‍കുന്ന മോട്ടറാണ് ഇതില്‍. ഉയര്‍ന്ന മോഡലായ റെക്കോണില്‍ 39 ബിഎച്ച്പി കരുത്തും 95 എന്‍എം ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടറാണ്. 10.3 കിലോ വാട്ട് ആണ് ബാറ്ററി. ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്ററാണ് റേഞ്ച്. ഒര്‍ജിനല്‍ പതിപ്പിന്റെ ബാറ്ററി പാക്കിന് 3 വര്‍ഷവും 30000 കിലോമീറ്ററും വാറന്റി ലഭിക്കുമ്പോള്‍ റെക്കോണിന്റെ ബാറ്ററി പാക്കിന് 5 വര്‍ഷവും 50000 കിലോമീറ്ററും വാറന്റിയുണ്ട്. ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ വാറന്റി 8 വര്‍ഷവും ഒരു ലക്ഷം കിലോമീറ്ററുമാണ്.