ലഹരിക്കേസില്‍ ആവര്‍ത്തിച്ച് ഉള്‍പ്പെടുന്നവര്‍ക്കെതിരെ കാപ്പാ ചുമത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ലഹരികടത്തില്‍ ഉള്‍പ്പെടുന്നവരുടെ ഡാറ്റാ ബാങ്കും തയാറാക്കും. തദ്ദേശ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും മയക്കുമരുന്നിനെതിരേ ജാഗ്രത സമിതികള്‍ രൂപീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പ്രതിപക്ഷ എതിര്‍പ്പിനും വാക്കൗട്ടിനും ഇടയില്‍ ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. ബില്‍ ഇനി ഗവര്‍ണറുടെ പരിഗണനയിലേക്ക്. ഭരണഘടനയ്ക്കും സുപ്രീം കോടതി വിധിക്കും എതിരായ ഒരു ബില്ലിലും ഒപ്പുവയ്ക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു. നായനാര്‍ കൊണ്ടുവന്ന ലോകായുക്ത നിയമത്തിലാണ് പിണറായി സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. ഈ കൊലക്കുറ്റത്തിന് സാക്ഷിയാകാന്‍ തങ്ങളില്ലെന്നു പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.
എറണാകുളം, കോട്ടയം ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
കൃത്യമായ കാലാവസ്ഥാ പ്രവചനം ലഭിക്കാന്‍ വിദേശ ഏജന്‍സികളുടെ അടക്കം സേവനം തേടിയെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭയില്‍. സ്വകാര്യ ഏജന്‍സികളുടെ കാലാവസ്ഥ പ്രവചനം പണം നല്‍കി വാങ്ങുകയാണ്. കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അടക്കം സംസ്ഥാന സര്‍ക്കാരിനു കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല.
ഇന്നും ശക്തമായ മഴ തുടരും. നദികളും ഡാമുകളും നിറയുന്നു. മലമ്പുഴ ഡാം ഇന്നു തുറക്കും. ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, പൊന്മുടി, ഷോളയാര്‍, കുണ്ടള, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ ഡാമുകളില്‍ റെഡ് അലേര്‍ട്ട്. മഴമൂലം നദികളിലൂടെ കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട് വീണ്ടും വെള്ളപ്പൊക്കത്തിലേക്ക്. കുട്ടനാട്, ചെങ്ങന്നുര്‍ താലുക്കുകള്‍ പ്രളയഭീതിയിലായി. മുട്ടാര്‍, തലവടി പഞ്ചായത്തുകളിലാണ് കെടുതി ഏറ്റവും കുടുതല്‍ ബാധിച്ചത്.
കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോ വെള്ളത്തില്‍ മുങ്ങി. ഓഫീസിനകത്തേക്കും വെള്ളം കയറി. വള്ളം കയറിയ ഓഫീസിലെ ജീവനക്കാര്‍ മേശപ്പുറത്തു കയറിയിരുന്ന് വഞ്ചിപ്പാട്ട് അനുകരിച്ചു ചിത്രീകരിച്ചു പുറത്തുവിട്ട വീഡിയോ വിവാദമായി.
പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന സിനിമാ താരം അമലാ പോളിന്റെ പരാതിയില്‍ മുന്‍ കാമുകനും ഗായകനുമായ ഭവ്നിന്ദര്‍ സിംഗ് ദത്ത് അറസ്റ്റില്‍. സ്വകാര്യ ആവശ്യത്തിനായി എടുത്ത ഫോട്ടോകള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്ന് ആരോപിച്ച് അമലാ പോള്‍ നേരത്തെ മാനനഷ്ടക്കേസും ഫയല്‍ ചെയ്തിരുന്നു.