SAVE 20221121 201016

 

 

കാർ കടന്ന് ഒരു ബുള്ളറ്റ് വരുമോ എന്ന് പേടിക്കണ്ടല്ലോ – പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് വണ്ടി വാങ്ങാന്‍
35 ലക്ഷം സര്‍ക്കാര്‍ അനുവദിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.

35 ലക്ഷത്തിനല്ല, പരമാവധി 35 ലക്ഷത്തിന്‍റെ വാഹനത്തിനാണ് അനുമതി ലഭിച്ചതെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഖാദി ബോർഡിന്‍റെ ചുമതലകള്‍ നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായി നിരന്തരം ദീർഘയാത്രകൾ വേണ്ടിവരാറുണ്ട്. പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന ഇന്നോവ കാലപ്പഴക്കം കൊണ്ട് മാറ്റേണ്ട നിലയിലാണ്. നിരന്തരമായി അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വരുന്നതിനാല്‍ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താന്‍ കഴിയുന്നില്ല. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി ലഭിക്കുന്നതെന്നും ജയരാജന്‍ വിശദീകരിച്ചു.

ആർഎസ്എസുകാർ വീട്ടിലേക്ക് ഇരച്ചുകയറി വന്ന് തലങ്ങും വിലങ്ങും വെട്ടിയപ്പോൾ പ്രൂഫ് കവചമായി ആകെ ഉണ്ടായിരുന്നത് ഒരു ചൂരൽക്കസേരയാണ്. അതുപയോഗിച്ച് പ്രതിരോധിച്ചതിൻ്റെ ബാക്കിയാണ് ഇന്നും നിങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്ന പി ജയരാജൻ. വാങ്ങുന്ന കാർ കടന്ന് ഒരു ബുള്ളറ്റ് വരുമോ എന്ന് ഭയന്നു ജീവിക്കേണ്ട അവസ്ഥയില്ലെന്നും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

കാലപ്പഴക്കമുള്ള വാഹനം ദീര്‍ഘദൂര യാത്രകൾക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഉയര്‍ന്ന സെക്യൂരിറ്റി സംവിധാനത്തോടെ യാത്ര ചെയ്യേണ്ടതിനാൽ പുതിയ വാഹനം വേണമെന്നും വിലയിരുത്തിയാണ് പി ജയരാജന് പുതിയ ബുള്ളറ്റ് പ്രൂഫ് കാറ് വാങ്ങുന്നത്. ശാരീരിക അവസ്ഥകളും ഉയര്‍ന്ന സെക്യൂരിറ്റി സംവിധാനവും പരിഗണിച്ച് കാറിന് അനുവദിച്ചത് 35 ലക്ഷം രൂപയാണ്. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ട്രേഡിംഗ് അക്കൗണ്ടിൽ നിന്ന് ഫണ്ടെടുത്ത് ഇലക്ട്രിക്ക് വാഹനം വാടകയ്ക്ക് എടുക്കാമെന്ന നയത്തിന് വിരുദ്ധമായി പുതിയ വാഹനം വാങ്ങാൻ പണം അനുവദിക്കുന്നു എന്ന് സര്‍ക്കാര്‍ ഉത്തരവിൽ എടുത്ത് പറയുന്നുമുണ്ട്.

തീരുമാനം എടുത്തത് ഖാദി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാൻ കൂടിയായ വ്യവസായ മന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗമാണ്. മന്ത്രിസഭയുടെ അനുമതിയോടെ ഉത്തരവിറക്കിയത് ഈ മാസം 17 ന്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നതുൾപ്പടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നവംബര്‍ ഒമ്പതിന് ഇറക്കിയ ധനവകുപ്പ് ഉത്തരവും നിലവിലുണ്ട്. ഇതിന് ശേഷം മന്ത്രമാരായ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ, വി അബ്ദുറഹ്മാൻ, ജി ആര്‍ അനിൽ എന്നിവര്‍ക്കും ചീഫ് വിപ്പ് ഡോ. എൻ ജയരാജിനും പുതിയ കാറ് വാങ്ങാൻ 33 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *