ദിവസം മുഴുവന്‍ ഊര്‍ജസ്വലരായി ഇരിക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും നമുക്ക് ക്ഷീണം അനുഭവപ്പെടാറുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കാതെ വരുന്നതോടെയാണ് ഇത്തരത്തില്‍ ക്ഷീണം അനുഭവപ്പെടുന്നത്. ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെളളം കുടിയ്ക്കേണ്ടതാണ്. ജലാംശം നിലനിര്‍ത്തിയില്ലെങ്കില്‍ അത് ഡീഹൈട്രേഷനിലേക്ക് നയിക്കും. നാരങ്ങാവെള്ളം, ലസ്സി, തേങ്ങാവെള്ളം, തുടങ്ങി ഏത് പാനീയവും കുടിയ്ക്കാവുന്നതാണ്. ശരീരത്തില്‍ ജലാംശം ഇല്ലെങ്കില്‍ ബലഹീനത, തലവേദന, തലകറക്കം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഫാസ്റ്റ് ഫുഡുകളും മറ്റും ഒഴിവാക്കി പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കണം. ഇതിനായി പഴങ്ങളും ഡ്രൈഫ്രൂട്ട്സുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആപ്പിള്‍, വാഴപ്പഴം, ചിക്കു, മുന്തിരി, പേര തുടങ്ങിയ പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് കൂടാതെ പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഉച്ചഭക്ഷണത്തിനൊപ്പം തൈര് കഴിക്കാവുന്നതാണ്. തൈര് പ്രോ-ബയോട്ടിക് ഭക്ഷണമാണ്. ഇത് ശരീരത്തിന്റെ ശരിയായ ദഹനത്തിന് സഹായിക്കുന്നു. വറുത്ത ഭക്ഷണങ്ങള്‍, സംസ്കരിച്ച ലഘുഭക്ഷണങ്ങള്‍, പഞ്ചസാര അല്ലെങ്കില്‍ ഉപ്പ് എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. ഇവ കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കാം. ആരോഗ്യത്തോടെയും ഉത്സാഹത്തോടെയും ഇരിക്കാന്‍ ഏറ്റവും പ്രധാനമായ ഒന്നാണ് ഉറക്കം. ദിവസവും 6-8 മണിക്കൂര്‍ വരെ ഉറങ്ങുക. പോസിറ്റീവ് ആയി ചിന്തിക്കുകയും വിശ്രമിക്കുകയും ചെയ്യുക. ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയില്‍ പലരും പ്രഭാതഭക്ഷണം ഒഴിവാക്കുകയും ഉച്ചഭക്ഷണം കൂടുതലായി കഴിക്കുകയും ചെയ്യുന്നു. എപ്പോഴും കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതാണ് അഭികാമ്യം. ശരിയായി ഭക്ഷണം കഴിക്കാതിരുന്നാല്‍ ഗ്യാസ്, അസിഡിറ്റി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. അതിനാല്‍ കഴിവതും കൃത്യമായ ഇടവേളകളില്‍ തന്നെ ഭക്ഷണം കഴിക്കുക. വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസിനും ഒരുപോലെ ഉത്തമമാണ്. അവരവരുടെ പ്രായത്തിനും ആരോഗ്യത്തിനും അനുസൃതമായ വ്യായാമ രീതി വേണം പിന്തുടരാന്.
ദിവസം മുഴുവന്‍ ഊര്‍ജസ്വലരാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
