ആരോഗ്യകരമായ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ് പാല് എന്നകാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ പാലിനൊപ്പം എന്ത് കഴിക്കരുത് എന്ന് കൂടി അറിയണം. കാരണം, ചില കോമ്പിനേഷനുകള്‍ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്തെന്നുവരാം. പാലിന്റെ ടെക്സ്ചറും മീനിന്റെ രുചിയും ഒന്നിച്ചുപോകില്ല, അതുകൊണ്ടുതന്നെ പാലിനൊപ്പം മീന്‍ കഴിക്കരുതെന്ന് പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഈ കോമ്പിനേഷന്‍ ദഹനപ്രശ്നങ്ങള്‍ അടക്കമുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകും. പാലില്‍ പഴം ചേര്‍ത്തടിച്ച് മില്‍ക്ക്ഷേക്കും സ്മൂത്തിയുമൊക്കെ തയ്യാറാക്കുന്നത് പതിവാണ്. പക്ഷെ പാലും പഴവും ഒന്നിച്ച് കഴിക്കുന്നത് എല്ലാവരുടെയും ശരീരത്തില്‍ ഗുണകരമായിരിക്കില്ല. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ പാലും സ്റ്റാര്‍ച്ച് കൂടുതലുള്ള പഴവും ചേരുമ്പോള്‍ ദഹനപ്രശ്നങ്ങള്‍ തലപൊക്കും. അതുകൊണ്ട് പാലും പഴവും വെവ്വേറെ കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണക്രമത്തിന് അനുയോജ്യം. പാലിനൊപ്പം മത്തന്‍വര്‍ഗത്തില്‍പ്പെട്ടവയും (തണ്ണിമത്തന്, ഷമാം) ചേരില്ല. ഇവ രണ്ടും ചേരുന്നത് ഒരു ടോക്സിക് കോമ്പിനേഷനാണ്. ഛര്‍ദി, ദഹനപ്രശ്നങ്ങള്‍ തുടങ്ങി പല ബുദ്ധിമുട്ടുകളും ഇതുമൂലമുണ്ടാകാറുണ്ട്. ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരിങ്ങ തുടങ്ങി അമ്ലത കൂടിയൊന്നും പാലിനൊപ്പം കഴിക്കരുത്. ഇത് ദഹനം പ്രയാസകരമാക്കും. ഗ്യാസ്, നെഞ്ചെരിച്ചില്‍, അസ്വസ്ഥത തുടങ്ങിയ ബുദ്ധിമുട്ടുകളും ഇതുമൂലം ഉണ്ടാകാം. ചുമ, ജലദോഷം, അലര്‍ജി തുടങ്ങിയ പ്രശ്നങ്ങളും ഇതുകാരണം ഉണ്ടായെന്നുവരാം. പാലിനൊപ്പം റാഡിഷ് കഴിക്കുന്നതും നന്നല്ല. പാല് കുടിച്ച് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞേ മുള്ളങ്കി ചേര്‍ത്ത വിഭവങ്ങള്‍ കഴിക്കാവൂ.