ചന്ദനക്കുറി ഇട്ടത് കൊണ്ടോ അമ്പലത്തില്‍ പോയത് കൊണ്ടോ മൃദുഹിന്ദുത്വമാകില്ല എന്ന എ കെ ആന്റണിയുടെ പ്രസ്താവനയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. പ്രതിപക്ഷനേതാവ് വിഡി സതീശനും കെ മുരളീധരനും അടക്കം എകെ ആന്‍റണിയെ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ് സാമൂദായിക സംഘടനയല്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. ദേശീയ തലത്തില്‍ ബിജെപിയെ തോല്‍പിക്കാനായി കോണ്‍ഗ്രസ് മൃദുഹിന്ദുത്വം സ്വീകരിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് മുസ്ലീംലീഗടക്കം പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് എകെ ആന്‍റണി ഇപ്രകാരം പറഞ്ഞത്.
മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടാനാകില്ലെന്നായിരുന്നു സിപിഎം നിലപാട്. കോണ്‍ഗ്രസ് എല്ലാക്കാലത്തും മൃദുഹിന്ദുത്വമാണ് സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അവര്‍ക്ക് ഫാസിസത്തെ നേരിടാനാകില്ലെന്നും പറഞ്ഞു. മുസ്ലീംലീഗ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് എല്ലാ പാര്‍ട്ടികളും കടന്നിരിക്കെയാണ് വളരെ പ്രധാനമായൊരു വിഷയത്തില്‍ എകെ ആന്‍റണി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.