പ്രമേഹരോഗികളില്‍ പലരും പഴങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. പഴങ്ങളില്‍ മധുരം ഉളളതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ എന്ന ആശങ്കയിലാണ് പഴങ്ങള്‍ ഒഴിവാക്കുന്നത്. എന്നാല്‍ പഴങ്ങളില്‍ പ്രകൃതിദത്ത പഞ്ചസാര ആണുള്ളത്. പ്രത്യേകിച്ച് ഫ്രക്ടോസ്. ഇതാണ് പഴങ്ങള്‍ക്ക് മധുരം നല്‍കുന്നത്. ഇത് മറ്റ് പഞ്ചസാരകളെപ്പോലെ രക്തത്തിലെ പഞ്ചസാരയെ ബാധിക്കില്ല. പഴങ്ങളില്‍ ധാരാളം നാരുകള്‍ ഉണ്ട്. കൂടാതെ മൈക്രോന്യൂട്രിയന്റുകളും ആന്റി ഓക്സിഡന്റുകളും ഉണ്ട്. ഇവയെല്ലാം പ്രമേഹം നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്. വണ്ടര്ഫ്രൂട്ട് എന്നറിയപ്പെടുന്ന പൈനാപ്പിളില്‍ നാരുകള്‍ ധാരാളമുണ്ട്. ഒരു കപ്പ് പൈനാപ്പിളില്‍ 2.2 ഗ്രാം നാരുകള്‍ ഉണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കുകയും ചെയ്യുന്നു. കൊളസ്ട്രോള്‍ നില കുറയ്ക്കുകയും ചെയ്യുന്നു. പൈനാപ്പിളിന്റെ ഇനവും പഴുപ്പും അനുസരിച്ച് ഗ്ലൈസെമിക് ഇന്‍ഡക്സ് 50 നും 70 നും ഇടയ്ക്കാണ്. നാരുകള്‍ ധാരാളം ഉളളതിനാല്‍ ഇതിന്റെ ഗ്ലൈസെമിക് ലോഡ് 6 ആണ്. ഇതുകൊണ്ടു തന്നെ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു മികച്ച ഭക്ഷണമാണ് പൈനാപ്പിള്‍. എന്നാല്‍ കഴിക്കുന്ന അളവ് പ്രധാനമാണ്. ഒരു സമയം 100 മുതല്‍ 150 ഗ്രാം വരെ മാത്രമേ കഴിക്കാവൂ. വൈറ്റമിന്‍ ബി6 ഉം പൈനാപ്പിളില്‍ ധാരാളമായുണ്ട്. ഇത് അരുണരക്താണുക്കളുടെ രൂപീകരണത്തില്‍ സഹായിക്കുന്നു. കൊഴുപ്പിന്റെയും അന്നജത്തിന്റെയും ഉപാപചയപ്രവര്‍ത്തനം നിയന്ത്രിക്കുന്ന മൈക്രോ ന്യൂട്രിയന്റ് ആയ മാംഗനീസും പൈനാപ്പിളിലുണ്ട്. പൈനാപ്പിളില്‍ 86 ശതമാനവും വെള്ളം ആയതിനാല്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കും.
പ്രമേഹരോഗികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാം!
