പ്രമേഹത്തിന് പല അനുബന്ധപ്രശ്‌നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത പണി തന്നെ വരാം. പ്രമേഹം മാത്രം തന്നെ ചില രോഗികളില്‍ ഹൃദയാഘാത സാധ്യതയുണ്ടാക്കാറുണ്ട്. ഇവ കൂടി ഒരുമിച്ച് വന്നാല്‍ ആ സാധ്യത ഇരട്ടിയിലധികമാകുന്നു. ഇന്ത്യയാണ് ലോകത്തിലെ പ്രമേഹത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന രാജ്യം. ഇതില്‍ പകുതി പേരും ഇനിയും രോഗം നിര്‍ണയിക്കപ്പെടുകയോ തിരിച്ചറിയപ്പെടുകയോ ചെയ്യാതെ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പങ്കുവയ്ക്കുന്ന ഞെട്ടിക്കുന്ന വിവരം. 2045 ആകുമ്പോഴേക്ക് ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നും പല റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രമേഹരോഗികളില്‍ വൃക്കസംബന്ധമായ പ്രശ്‌നങ്ങളും കാണാന്‍ സാധ്യത കൂടുതലാണ്. എന്നാലിതിന്റെ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതിനെ തുടര്‍ന്ന് പലരും ഇതൊന്നും അറിയാറില്ല എന്നതാണ് സത്യം. പിന്നീട് വലിയ സങ്കീര്‍ണതകളിലെത്തി നില്‍ക്കുമ്പോഴായിരിക്കും ഇതെല്ലാം തിരിച്ചറിയുന്ന അവസ്ഥയുണ്ടാകുന്നത്. പ്രമേഹരോഗികളില്‍ സംഭവിക്കാന്‍ സാധ്യതയുള്ള മറ്റൊരു പ്രശ്‌നമാണ് നാഡികളിലെ തകരാറ്. ‘ഡയബെറ്റിക് ന്യൂറോപതി’ എന്നാണീ അവസ്ഥ അറിയപ്പെടുന്നത്. ഈ അവസ്ഥയില്‍ നാഡികള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സിഗ്‌നലുകള്‍ അയക്കുന്നത് തടസപ്പെടുന്നു. ഇതോടെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുകയും ചെയ്യുന്നു. പ്രധാനമായും ഇത് പ്രമേഹരോഗികളില്‍ കണ്ണുകളെയാണ് ബാധിക്കുന്നത്. പ്രമേഹം മാനസികാരോഗ്യത്തെയും സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ് ഇത് വിഷാദത്തിലേക്കും രോഗികളെ നയിക്കുന്നു എന്നത്. വിഷാദം മാത്രമല്ല ഉത്കണ്ഠയും പ്രമേഹരോഗികളില്‍ കണ്ടേക്കാം.