തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്ക് 2022-23ല്‍ മൊത്തം ബിസിനസില്‍ 11.26 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്. മൊത്തം നിക്ഷേപം 12,403 കോടി രൂപയില്‍ നിന്ന് 7.45 ശതമാനം ഉയര്‍ന്ന് 13,327 കോടി രൂപയായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ബാങ്ക് വ്യക്തമാക്കി. മൊത്തം നിക്ഷേപത്തില്‍ 31.95 ശതമാനവും കറന്റ് സേവിംഗ്സ് നിക്ഷേപങ്ങളാണ്. മൊത്തം വായ്പ 16.85 ശതമാനം വര്‍ദ്ധിച്ച് 9,867 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 8,444 കോടി രൂപയായിരുന്നു. സ്വര്‍ണപ്പണയ വായ്പകളിലെ വാര്‍ഷിക വളര്‍ച്ച 23.39 ശതമാനമാണ്. 1,843 കോടി രൂപയില്‍ നിന്ന് 2,274 കോടി രൂപയായാണ് വളര്‍ച്ച. ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം 68.08 ശതമാനത്തില്‍ നിന്നുയര്‍ന്ന് 74.04 ശതമാനമായി. നിക്ഷേപങ്ങളിലും സ്വര്‍ണപ്പണയം അടക്കമുള്ള വായ്പകളിലും മൊത്തം ബിസിനസിലും കൈവരിച്ച നേട്ടം ധനലക്ഷ്ലി ബാങ്കിന്റെ ഓഹരിവില വര്‍ദ്ധിക്കാന്‍ വഴിയൊരുക്കി. പുതിയ സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യ വ്യാപാരദിനമായ ഏപ്രില്‍ മൂന്നിന് ബാങ്കിന്റെ ഓഹരിവില എന്‍.എസ്.ഇയില്‍ 5 ശതമാനത്തോളം ഉയര്‍ന്നു. 14.45 രൂപയായിരുന്ന ഓഹരിവില 15.45 രൂപവരെയാണ് ഉയര്‍ന്നത്.