സമൂഹ മാധ്യമമായ എക്‌സ് അഥവാ ട്വിറ്ററിന് ഒരു വര്‍ഷത്തിനിടെ ഇടിഞ്ഞത് പകുതിയിലേറെ മൂല്യം. 4400 കോടി ഡോളര്‍ മുടക്കി എലോണ്‍ മസ്‌ക് സ്വന്തമാക്കിയ ട്വിറ്റര്‍ ആണ് പേരുമാറി എക്‌സ് ആയപ്പോള്‍ വെറും 1900 കോടി ഡോളറിലേക്ക് മൂല്യമിടിഞ്ഞത്. മസ്‌ക് ഏറ്റെടുത്തശേഷം ട്വിറ്റര്‍ ജീവനക്കാരിലേറെയും രാജിവെക്കുകയോ ജോലി നഷ്ടമാവുകയോ ചെയ്തിരുന്നു. കമ്പനിയുടെ പേര് എക്‌സ് എന്നാക്കി. ഉള്ളടക്കവുമായി ബന്ധപ്പെട്ടുള്‍പ്പെടെ നിയമങ്ങള്‍ പലതും മാറി. മസ്‌ക് നേരിട്ടെടുത്ത കടുത്ത നടപടികള്‍ക്കു പിന്നാലെ പരസ്യ വരുമാനം പകുതിയിലേറെ ഇടിയുകയും ചെയ്തു. പലിശയിനത്തില്‍ മാത്രം 120 കോടി ഡോളര്‍ പ്രതിവര്‍ഷം ഒടുക്കേണ്ട എക്‌സ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരസ്യവരുമാനത്തില്‍ നിന്നുമാറി പണം നല്‍കി ഉപയോഗിക്കുന്ന സംവിധാനത്തിലേക്ക് മാറ്റാനാണ് കമ്പനിയുടെ പുതിയ തീരുമാനം. എന്നാല്‍, കമ്പനിയുടെ പ്രീമിയം ഉപഭോക്താവാകാനുള്ള ക്ഷണം നിലവിലെ വരിക്കാരില്‍ ഒരു ശതമാനം പേരെപോലും ആകര്‍ഷിച്ചിട്ടില്ലെന്നതാണ് വെല്ലുവിളി. അതുവഴി 12 കോടി ഡോളറില്‍ താഴെ മാത്രമാകും വരുമാനമെന്നര്‍ഥം. നിലവിലെ രൂപം മാറ്റി ഷോപ്പിങ്, പണമൊടുക്കല്‍ തുടങ്ങി എല്ലാ സേവനങ്ങളും നല്‍കാനാകുന്ന ‘എല്ലാറ്റിന്റെയും ആപ്’ ആക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ആദ്യ നടപടിയായി വിഡിയോ, ഓഡിയോ കാള്‍ സൗകര്യം അടുത്തിടെ ആരംഭിച്ചു. വാര്‍ത്താവിതരണ സംവിധാനം ആരംഭിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഗൂഗ്‌ളിന്റെ യൂട്യൂബ്, മൈക്രോസോഫ്റ്റിന്റെ ലിങ്ക്ഡ്ഇന്‍ എന്നിവയുമായി മത്സരിക്കലാണ് അടുത്ത ലക്ഷ്യമെന്ന് മസ്‌ക് പറയുന്നു.