നരേന്ദ്രമോദി സർക്കാരിൻ്റെ നോട്ട് നിരോധനം ഭരണഘടനാപരമോ എന്നതിൽ സുപ്രീംകോടതിയുടെ വിധി ഇന്ന്.
രണ്ട് വിധി പ്രസ്താവങ്ങളായിരിക്കും
അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നിന്ന് വരുന്നത് . ഭരണഘടനാ ബെഞ്ചിൽ നിന്നും ഭിന്നവിധി ഉണ്ടാവുമോ എന്നതിലാണ് നിയമകേന്ദ്രങ്ങളുടെ ആകാംക്ഷ. നോട്ട് നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയവും ചട്ടലംഘനവും ആണെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം.
ആറ് വർഷം മുൻപ് വന്ന നിരോധനത്തിന് ശേഷവും വിധി കേന്ദ്രത്തിന് നിർണായകമാണ്.നോട്ട് നിരോധനം ഒരു സാമ്പത്തിക നയമാണ് എന്നതു കൊണ്ട് കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കരുതേണ്ടെന്ന് വാദത്തിനിടെ ഭരണഘടന ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം.
ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, ബി.വി.നാഗരത്ന എന്നിവർ ഹർജികളിൽ രണ്ട് വിധിന്യായങ്ങൾ പുറപ്പെടുവിക്കും. രണ്ട് വിധികളും യോജിപ്പാണോ വിയോജിപ്പാണോ എന്നത് വ്യക്തമല്ല. തീരുമാനം റിസര്‍വ്വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ചാണോ എന്ന നിയമപ്രശ്നമാണ് കോടതി പരിശോധിച്ചത്.
രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി 2016 നവംബർ എട്ടിന് രാത്രി എട്ട് മണിക്കാണ്
തീർത്തും അപ്രതീക്ഷിതമായി 500,1000 രൂപ നോട്ടുകൾ നിരോധിച്ചതായി പ്രഖ്യാപിച്ചത്.