ബോളിവുഡ് താരം ദീപിക പദുകോണിനെ ഹ്യുണ്ടേയ് ഇന്ത്യയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തികളുടെ ടൈം മാഗസിന്‍ പട്ടികയില്‍ ഇടം നേടിയ ദീപികയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഹ്യുണ്ടേയ് ഇന്ത്യ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടേയ് ക്രെറ്റയെ അവതരിപ്പിക്കുമ്പോള്‍ പുതിയ ബ്രാന്‍ഡ് അംബാസിഡറുടെ സാന്നിധ്യം പ്രതീക്ഷിക്കാം. ഹ്യുണ്ടേയ് ഇന്ത്യക്ക് രാജ്യത്ത് ആകെ 1,357 സെയില്‍സ് പോയിന്റുകളും 1,535 സര്‍വീസ് പോയിന്റുകളുമുണ്ട്. ആകെ 13 കാര്‍ മോഡലുകളാണ് ഹ്യുണ്ടേയ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, പശ്ചിമേഷ്യ, ഓസ്ട്രേലിയ, ഏഷ്യ പസഫിക്ക് എന്നീ പ്രദേശങ്ങളിലെ 88 രാജ്യങ്ങളിലേക്ക് ഹ്യുണ്ടേയ് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. ജനുവരി 16ന് മുഖം മിനുക്കിയെത്തുന്ന ക്രേറ്റയെ അവതരിപ്പിച്ച് 2024 ഗംഭീരമായി തുടങ്ങാനാണ് ഹ്യുണ്ടേയ് ഇന്ത്യയുടെ ശ്രമം. ട്യൂസോണും വൈകാതെ ഹ്യുണ്ടേയ് പുറത്തിറക്കും. ക്രേറ്റയുടെ ഇ വി വകഭേദവും പുറത്തിറക്കാന്‍ ഹ്യുണ്ടേയ്ക്ക് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ക്രേറ്റയെ ഹ്യുണ്ടേയ് ഇന്തോനേഷ്യ, തായ്ലാന്‍ഡ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്.